DISTRICT NEWS

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്‍ അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്‍ പരിധിയിലാകും അടച്ചിടുക. 

കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2383100, 0495 2383101, 0495 238400, 0495 2384101, 0495 2386100 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. 

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി. 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് നിപ വൈറസ് സ്ഥിരീകരിച്ചതായി അറിയിച്ചത്. മരിച്ച രണ്ടുപേരുടെ പരിശോധനാ ഫലമാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപ പോസിറ്റീവ് ആയത്. ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ ഫലം കൂടി വരാനുണ്ട്. കഴിഞ്ഞ മാസം 30നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് പണ്ടാമത്തെ മരണം സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button