സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡി സെപ്പ് ജൂലൈ 1 മുതല്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡി സെപ്പ് ജൂലൈ 1 മുതല്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിമാസം 500 രൂപ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചാണ് പ്രീമിയം ഈടാക്കുന്നത്. ജൂണ്‍ മുതല്‍ മുന്‍ കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുമ്പോള്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ലഭ്യമാക്കേണ്ട ആശുപത്രികളെ സംബന്ധിച്ച് (എംപാനല്‍) ഉടന്‍ തീരുമാനം ഉണ്ടാകും. ജീവനക്കാര്‍ പദ്ധതിയില്‍ അംഗമാകണമെന്നത് നിര്‍ബന്ധമാണ്. പദ്ധതിയുടെ ഗുണഭോക്താവിനോ ആശ്രിതര്‍ക്കോ ഒരു വര്‍ഷം 3 ലക്ഷം രൂപയുടെ ചികിത്സ കവറേജ് ലഭിക്കും.

 സര്‍ക്കാര്‍ ജീവനക്കാര്‍, ഹൈക്കോടതി ജീവനക്കാര്‍, പുതുതായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍, പാര്‍ടൈം കണ്ടിന്‍ജന്‍റ് ജീവനക്കാര്‍, പാര്‍ടൈം ടീച്ചേഴ്‌സ്, എയ്‌ഡഡ് സ്‌കൂളുകളിലെ ടീച്ചിംഗ്, നോണ്‍ ടീച്ചിംഗ് സ്റ്റാഫുകള്‍, ഇവരുടെയെല്ലാം കുടുംബാഗംങ്ങള്‍, പെന്‍ഷന്‍കാര്‍ അവരുടെ പങ്കാളികള്‍ എന്നിവരാണ് മെഡിസെപ്പിന്‍റെ പരിധിയില്‍ വരിക.

 സാധാരണ ചികിത്സ ആനുകൂല്യം 3 ലക്ഷം രൂപയാണെങ്കിലും മസ്‌തിഷ്‌ക ശസ്ത്രക്രിയയ്ക്ക് 18.24 ലക്ഷം രൂപയും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്18 ലക്ഷം രൂപയും ഹൃദയം, ശ്വാസകോശം എന്നിവ മാറ്റി വയ്ക്കലിന് 15 ലക്ഷം രൂപയും അസ്ഥി മജ്ജ മാറ്റിവയ്ക്കലിന് 9.46 ലക്ഷവും ലഭിക്കും. അസ്ഥി മജ്ജ മാറ്റിവയ്ക്കല്‍-9.46 ലക്ഷം, കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ 6.39 ലക്ഷം, ഇടുപ്പ് മാറ്റി വയ്ക്കല്‍-4 ലക്ഷം, വൃക്ക, കാല്‍ മുട്ട് മാറ്റി വയ്ക്കല്‍ എന്നിവയ്ക്ക് 3 ലക്ഷം എന്നിങ്ങനെ ചികിത്സാ ചെലവ് ലഭിക്കും.

മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്‍റ് വഴി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വന്‍ തുക ബാദ്ധ്യത വരുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ പങ്കാളിത്തത്തോടെ മെഡിസെപ് എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Comments

COMMENTS

error: Content is protected !!