ഫറോക്കിലും തമിഴ്‌നാട്ടിലെ തേനിയിലുമായി ഇരട്ടക്കൊലപാതകം നടത്തി ഒളിവിൽ കഴിഞ്ഞ യുവാവ്‌ പിടിയിൽ

കോഴിക്കോട് :ഫറോക്കിലും തമിഴ്‌നാട്ടിലെ തേനിയിലുമായി ഇരട്ടക്കൊലപാതകം നടത്തി ഒളിവിൽ കഴിഞ്ഞ യുവാവ്‌ പിടിയിൽ.  
ഫറോക്ക്  ചുള്ളിപ്പറമ്പിൽ മടവൻപാട്ടിൽ അർജുനൻ(52),  ഈറോഡ്‌ തേനി സ്വദേശി സുധാകര (39)  എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി  ഫറോക്ക് നല്ലൂർ ചെനക്കൽ സുധീഷ് കുമാർ എന്ന മണ്ണെണ്ണ സുധി(39)യാണ് പിടിയിലായത്.  കൊല നടന്ന്‌ എട്ട്‌ മാസത്തിന്‌ ശേഷമാണ്‌ പ്രതിയെ  സിറ്റി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ എം പി സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന്‌ പിടികൂടിയത്‌.  
 ജനുവരി 10ന്‌  രാത്രി ഒമ്പതിനായിരുന്നു ആദ്യ കൊലപാതകം. മോഷണക്കേസിൽ ഉൾപ്പെടെ  പ്രതിയായ സുധീഷ്‌  ലഹരിയ്‌ക്കടിമയാണ്‌. ചുങ്കം ചുള്ളിപറമ്പ് റോഡിലെ മീൻമാർക്കറ്റിന്‌ സമീപത്തെ സ്ലാബിൽ ഇരുന്ന് മദ്യപിക്കവേ അടുത്തുണ്ടായിരുന്ന അർജുനനുമായി  വാക്കേറ്റമുണ്ടായി. അർജുനനെ നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്‌ത്‌  സുധീഷ്  കടന്നുകളയുകയായിരുന്നു.  രക്തം വാർന്ന്‌ ബോധരഹിതനായ അർജുനൻ  ജനുവരി 19ന്‌ മരണമടഞ്ഞു.  
 ഫറോക്ക് പൊലീസ്  അന്വേഷണത്തിൽ സുധീഷ് തമിഴ്‌നാട്ടിലേക്ക്‌ കടന്നതായി തെളിഞ്ഞു.   പത്തോളം മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളും മാറിമാറി  ഉപയോഗിച്ച്  അന്വേഷണത്തെ വഴിതെറ്റിക്കാനും ശ്രമമുണ്ടായി. എട്ടുമാസത്തിനിടെ  ഈറോഡ്‌,  ഡിണ്ടിഗൽ, ആന്ധ്ര,  നാസിക് തുടങ്ങിയ സ്ഥലങ്ങളിലും ഒളിവിൽ പോയി.  
 ഈറോഡിൽ താമസിച്ച്‌ നിർമാണജോലി ചെയ്യുന്നതിനിടെ  ആഗസ്‌ത്‌ 28നാണ്‌ ഒപ്പം ജോലി ചെയ്‌തിരുന്ന സുധാകരയെ  മദ്യലഹരിയിൽ  അടിച്ചുകൊലപ്പെടുത്തിയത്‌. മൃതദേഹം തുണിയിൽ പൊതിഞ്ഞ്‌ റെയിൽവേ ട്രാക്കിലിടാൻ ശ്രമിച്ചുവെങ്കിലും ആളുകളെ കണ്ടപ്പോൾ അഴുക്കുചാലിൽ തള്ളുകയായിരുന്നു. 
ദിവസങ്ങൾക്ക് ശേഷമാണ് അഴുകിയ   മൃതദേഹം കണ്ടെത്തിയത്.  ഈറോഡ്‌ നിന്നും  രക്ഷപ്പെട്ട് താമരക്കരയിൽ കഴിയവെ പൊലീസ്‌ പിന്തുടരുന്നതായി മനസിലാക്കി  കർണാടക വഴി കേരളത്തിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ രാമനാട്ടുകരയിൽ ശനിയാഴ്ച രാത്രിയാണ്‌  കസ്സഡിയിലെടുത്തത്‌.  
അന്വേഷക സംഘത്തിൽ സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ കെ അർജുൻ, രാകേഷ് ചൈതന്യം, വി ആർ അരുൺ, എഎസ്ഐ ലതീഷ് പുഴക്കര, സിവിൽ പൊലീസ് ഓഫീസർ ടി പി അനീഷ് എന്നിവരുണ്ടായിരുന്നു.
Comments

COMMENTS

error: Content is protected !!