ഫൂട്ട് വെയർ വില്ലേജിലെ വനിതാ സംരംഭങ്ങൾ വൻ വിജയം; പെൺവിജയത്തിന്റെ കരുത്ത്

ഫറോക്ക് :വനിതാ തൊഴിൽ വ്യവസായരംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കി ആരംഭിച്ച ‘ബേപ്പൂർ ഫൂട്ട് വെയർ വില്ലേജ്’ പദ്ധതിയിൽ ആദ്യം നിർമിച്ചത് പതിനായിരത്തോളം പാദരക്ഷകൾ. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴാണ്  5000 ജോഡിയോളം ചെരിപ്പുകൾ വി കെ സി ഗ്രൂപ്പിന്റെ ‘ഡിബോൺ’ ബ്രാൻഡിന് നിർമിച്ചുനൽകിയത്. 
പാദരക്ഷാ നിർമാണമേഖലയിലെ പരിശീലന സ്ഥാപനമായ ഫൂട്ട് വെയർ ഡിസൈൻ ആൻഡ്‌ ഡെവലപ്മെന്റ്‌ സെന്റർ ‘-എഫ് ഡി ഡി സി’യുടെ കീഴിലാണ്‌ ഫൂട്ട് വെയർ വില്ലേജ്‌ ആരംഭിച്ചത്‌. ഇവിടെ ‘ഹെയ് ക്കോ ഫൂട്ട് കെയർ’ എന്ന  സ്ഥാപനമാണ് ആദ്യ മുന്നേറ്റത്തിലെ സംരംഭകർ. 20,000 ജോടി കുട്ടികളുടെയും സ്ത്രീകളുടെയും ചെരിപ്പുകൾ  നിർമിച്ചുനൽകാൻ ഇവർക്ക് വി കെസി – ഡിബോൺ ഓർഡർ നൽകിയിരുന്നു. ഇതിൽ നാലിലൊന്നാണ് 18 വനിതകളടങ്ങുന്ന സംഘം വേഗത്തിൽ നൽകിയത്.
വീട്ടകങ്ങളിൽ ഒതുങ്ങിക്കഴിയുന്ന ആയിരക്കണക്കിന് വനിതകളെ സ്വയം തൊഴിലിനും ചെറുകിട വ്യവസായ സംരംഭങ്ങൾക്കും പ്രാപ്തരാക്കുന്ന ഫൂട്ട് വെയർ വില്ലേജ്  വഴി പരിശീലനം നേടിയവരാണ് പാദരക്ഷകളുണ്ടാക്കുന്നത്. ബേപ്പൂർ മണ്ഡലവും സമീപ പഞ്ചായത്തായ ഒളവണ്ണയേയും ഉൾപ്പെടുത്തിയാണ് ഫൂട്ട് വെയർ ഡിസൈൻ ആൻഡ്‌ ഡെവലപ്മെന്റ്‌ സെന്റർ പുതിയ ദൗത്യമേറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ 27നാണ് ഫൂട്ട് വെയർ വില്ലേജ് ഔദ്യോഗികമായി ആരംഭിച്ചത്. പ്രാദേശിക സാമ്പത്തിക വികസനവും പദ്ധതിയുടെ ലക്ഷ്യമാണ്‌.
Comments
error: Content is protected !!