ഫൈബർ വള്ളം കടലിൽ മറിഞ്ഞു കാണാതായ തൊഴിലാളിയെ ഒരു പകൽ നീണ്ട തിരച്ചിലിന് ശേഷവും കണ്ടെത്താനായില്ല. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെ തിരച്ചിൽ യാനം കൊയിലാണ്ടിക്ക് പുറപ്പെട്ടു.
മൂടാടി: ഗുരുപുണ്യകാവ് കടപ്പുറത്ത് തോണി മറിഞ്ഞ് കാണാതായ മുത്തായത്ത് കോളനിയിലെ ഷിഹാബിനെ ഇനിയും കണ്ടെത്താനായില്ല. തീരക്കടൽ വലിയ തോതിൽ പ്രക്ഷുബ്ദമായതിനാൽ തിരച്ചിൽ അസാദ്ധ്യമാകുകയാണ്. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡ് സംഘം എല്ലാവിധ തിരച്ചിൽ സംവിധാനങ്ങളുമുള്ള ‘ഹർണവേഷ്, എന്ന കപ്പലിൽ ഇങ്ങോട്ടു തിരിച്ചതായി താസിൽദാർ സി പി മണി കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. മുത്തായം കടപ്പുറത്തെ ബദർ എന്ന ഫൈബർ വളളമാണ് രാവിലെ എട്ടുമണിയോടെ ഗുരുപുണ്യകാവ് ക്ഷേത്രപരിസരത്ത് മറിഞ്ഞത്. ഷിഹാബിനെ കൂടാതെ മറ്റ് രണ്ട് തൊഴിലാളികൾ കൂടി ഫൈബർ ബോട്ടിലുണ്ടായിരുന്നു. തത്തംവള്ളി പി വി സമദ്, മളാണ്ടത്തിൽ ഷിമിത്ത് എന്നിവർ നീന്തികരപറ്റി. ഷിഹാബിന് നീന്തൽ അറിയില്ലന്ന് പറയുന്നു.
മുത്തായത്ത് കോളനിയിലെ ഇബ്രാഹിമിന്റെ മകനാണ് ഷിഹാബ്. കടൽ പ്രക്ഷുബ്ദമായതുകൊണ്ട് ആഴക്കടലിൽ മത്സബദ്ധനത്തിന് പോകാൻ നിവൃത്തിയില്ലാത്തത് കൊണ്ടാണ് തീരക്കടലിൽ കരവല വീശി മീൻ പിടിക്കാൻ ധാരാളം പേർ ഇറങ്ങുന്നത്. തുടർച്ചയായ മഴ കാരണം മത്സ്യബന്ധനത്തിന് പോകാൻ നിവൃത്തിയില്ലാതെ പട്ടിണിയിലായ തൊഴിലാളികൾ ചൊവ്വാഴ്ച കാലത്ത് അല്പം തെളിഞ്ഞ കാലാവസ്ഥയായതോടെ തോണികളുമായി തീരക്കടലിൽ മീൻ പിടിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടയിലാണ് ബദർ വള്ളം തിരമാലകളിൽ പെട്ട് മറിഞ്ഞത്. റവന്യൂ, പോലീസ്, ഫിഷറീസ്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരൊക്കെ ഇവിടെയുണ്ട്.