ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിനു വേണ്ടിയുള്ള പുതിയ കെട്ടിടനിര്‍മാണം വൈകുന്നു

കൊയിലാണ്ടി: സ്വാതന്ത്ര്യസമരചരിത്രമുറങ്ങുന്ന ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി അനന്തമായി നീളുന്നു. പഴയ രജിസ്ട്രാർ ഓഫീസ് കെട്ടിടമുള്ള സ്ഥലം കാടുമൂടി ഇഴജന്തുക്കളുടെ താവളമായിമാറി. സ്വകാര്യവ്യക്തിയുടെ കൈവശത്തിലായിരുന്ന ഈസ്ഥലവും കെട്ടിടവും ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്ത് രജിസ്‌ട്രേഷൻ വിഭാഗത്തിന് കൈമാറിയതാണെന്ന് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് പറഞ്ഞു.

പഞ്ചായത്ത് ഏറ്റെടുത്ത 16 സെന്റിൽ ഏഴുസെൻറ് സ്ഥലമാണ് രജിസ്ട്രാർ ഓഫീസ് നിർമാണത്തിന് കൈമാറിയത്. ഇവിടെ കെട്ടിടം നിർമിക്കേണ്ടത് പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് വിഭാഗമാണ്. കെട്ടിടത്തിന്റെ എസ്റ്റിമേറ്റ്, ഡിസൈൻ എന്നിവ തയ്യാറാക്കിവരുകയാണെന്നാണ് കെ. ദാസൻ എം.എൽ.എയുടെ ഓഫീസിൽനിന്നുള്ള വിവരം.

 

സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വലപ്രതീകമായ ചേമഞ്ചേരി രജിസ്ട്രാർ ഓഫീസ് കെട്ടിടം ശില്പചാതുരിയിൽ പുനർനിർമിക്കാനുതകുന്ന എസ്റ്റിമേറ്റാണ് പി.ഡബ്യു.ഡി. വിഭാഗം തയ്യാറാക്കുന്നത്.

 

ക്വിറ്റ് ഇന്ത്യാസമരത്തിന്റെ ഭാഗമായി 1942 ഓഗസ്റ്റ് 19-ന് ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസ്, തിരുവങ്ങൂർ അംശക്കച്ചേരി, റെയിൽവേ സ്റ്റേഷൻ, തിരുവങ്ങൂർ ട്രെയിൻ ഹാൾട്ട് എന്നിവ തീവെച്ചുനശിപ്പിച്ചിരുന്നു. രജിസ്ട്രാഫീസ് കെട്ടിടം ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സ്മാരകമന്ദിരമായി മാറ്റണമെന്നാണ് ആവശ്യം. പഴയകെട്ടിടത്തിനുമുന്നിൽ നിർമിച്ചിരുന്ന ക്വിറ്റ് ഇന്ത്യാ സ്മാരകസ്കൂപം റോഡ് വീതികൂട്ടുമ്പോൾ പൊളിച്ചുനീക്കേണ്ടിവരും. അതും പഴയ കെട്ടിടത്തിലെ രണ്ട് കൂറ്റൻ ചെങ്കൽത്തൂണുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കും.
Comments
error: Content is protected !!