ഫ്രഞ്ച് മാഹിയിൽ നിന്ന് പട്ടാളം വഴി ഫോട്ടോഗ്രാഫി കൊയിലാണ്ടിയിലെത്തിയ കഥ; അഥവാ എംപീസ് സ്റ്റുഡിയോ ചരിത്രം
കൊയിലാണ്ടി. ഫ്രഞ്ച് മാഹിയിൽ നിന്ന് പട്ടാളത്തിലൂടെ വിദ്യുഛക്തിയേയും ഫോട്ടോഗ്രാഫിയേയും കൊയിലാണ്ടിയിലെത്തിച്ച കുടുംബത്തിലെ പ്രബലമായ ഒരു കണ്ണിയാണ് ഫോട്ടോഗ്രാഫർ വേണുഗോപാലിന്‍റെ മരണത്തിലൂടെ നഷ്ടമാകുന്നത്. കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫി കുടുംബത്തിലെ അംഗം, ദേശീയ തലത്തിൽ പോലും അറിയപ്പെട്ട ചെസ്സ് കളിക്കാരൻ, നീട്ടിവളർത്തിയ താടിയും മുടിയുമെല്ലാമായുള്ള ഫ്രഞ്ച് വസ്ത്രധാരണ രീതി, ഇതൊക്കെയായിരുന്നു കൊയിലാണ്ടിക്കാരുടെ വേണ്വേട്ടൻ. കൊയിലാണ്ടിയിൽ എംപീസ് സ്റ്റുഡിയോ ആരംഭിക്കുന്നത് ഇദ്ദേഹത്തിന്റെ പിതാവായ മാണിക്കോത്ത് പുതിയോട്ടിൽ ബാലനാണ്. ബാലന്റെ അമ്മാവനായ ദാമോദരൻ ഫ്രഞ്ച് പട്ടാളത്തിലായിരുന്നു. അന്ന് ഫ്രഞ്ച് പട്ടാളം ചാരപ്രവർത്തനങ്ങൾക്കും മറ്റ് മിലിട്ടറി ആവശ്യങ്ങൾക്കുമായി ഫോട്ടോഗ്രാഫിയും മാന്വൽ ക്യാമറകളുമൊക്കെ ഉപയോഗിച്ചു തുടങ്ങിയ കാലമായിരുന്നു. മിലിട്ടറി ആവശ്യങ്ങൾക്ക് വേണ്ടി ഫോട്ടോഗ്രാഫി പഠിക്കേണ്ടി വന്ന ദാമോദരന് ഫോട്ടോഗ്രാഫിയിൽ കമ്പം കയറി. 1880 ൽ അദ്ദേഹമാണ് ഫ്രഞ്ച് മാഹിയിൽ ആദ്യത്തെ സ്റ്റുഡിയോ സ്ഥാപിക്കുന്നത്. അമ്മാവനിൽ നിന്ന് ഫോട്ടോഗ്രാഫി പഠിച്ച വേണുഗോപാലന്റെ പിതാവ് എം പി ബാലൻ, വടകരയിൽ ഒരു സ്റ്റുഡിയോ സ്ഥാപിച്ചു. ഇലക്ടിക് സ്റ്റുഡിയോ എന്നായിരുന്നു പേര്. വടകരയിൽ വൈദ്യുതി എത്തുന്നത് വരെ അതിനദ്ദേഹത്തിന് കാത്ത് നിൽക്കണ്ടി വന്നു.
മലബാറിൽ ,തിയ്യ സമുദായത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രമുഖനും ശ്രീനാരായണ ഗുരു ഭക്തനുമായിരുന്നു കീഴലത്ത് ചാത്തു. വീട്ടുവളപ്പിൽ സ്വന്തമായി ഒരു സ്കൂൾ സ്ഥാപിച്ച് ഹരിജൻ കുട്ടികളെ വിദ്യയഭ്യസിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ആളാണ്. ധനാഢ്യനും ജന്മിയും മദ്യവ്യവസായിയുമൊക്കെയായ കീഴലത്ത് ചാത്തുവിന്റെ മകളായ ദേവകിയെയാണ് ബാലൻ വിവാഹം ചെയ്തത്. ഇതോടെ വടകര പുതുപ്പണം സ്വദേശിയായ ബാലന് മാഹിയിലും വടകരയിലുമൊന്നും ഉറച്ചുനിൽക്കാനായില്ല. അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം കൊയിലാണ്ടിയായി. വടകരയിലെ ഇലക്ട്രിക്സ്റ്റുഡിയോ പറിച്ചെടുത്ത് കൊയിലാണ്ടിയിൽ സ്ഥാപിച്ചു. അങ്ങിനെയാണ് സ്വതന്ത്ര ഇന്ത്യയിൽ, 1948 ൽ, കൊയിലാണ്ടിയിൽ എംപീസ് സ്റ്റുഡിയോ സ്ഥാപിക്കുന്നത്. ഒരു പാട് കാലം വിദ്യുഛക്തിക്ക് വേണ്ടി കാത്തിരുന്ന ശേഷമാണ് ഇവിടേയും സ്റ്റുഡിയോ സ്ഥാപിക്കാനായത്.
എം പി ബാലന്റെ സഹോദരങ്ങൾ അമർ സർക്കസ്സ് , റെയ്മണ്ട് സർക്കസ്സ് പോലുള്ള ഇന്ത്യയിലെ തന്നെ പ്രമുഖ സർക്കസ്സ് കമ്പനികളുടെ ഉടമകളായിരുന്നു. പക്ഷേ ബാലന്‍റെ ആൺമക്കളെല്ലാം ഫോട്ടോഗ്രാഫിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വേണുഗോപാലും, സഹോദരന്മാരായ വത്സകുമാർ(കുമാരൻ), രാഘവൻ, പാർത്ഥൻ, ശിവശങ്കരൻ (ബേബി) രാജീവൻ എന്നിവരെല്ലാം അറിയപ്പെടുന്ന ഫോട്ടോഗ്രാഫർമാരായി. രാഘവൻ ഇലക്ടിക്കൽ വർക്കിലാണ് ശ്രദ്ധ കേന്ദ്രീ കരിച്ചത്. വനജ, മീര, രമ, ഗിരിജ എന്നിങ്ങനെ സഹോദരിമാരും വേണുഗോപാലിനുണ്ടായിരുന്നു. ഇവരാരും ഫോട്ടോഗ്രാഫിയുടെ അരങ്ങത്ത് എത്തിയില്ല. കൊടാക്ക് കമ്പനിയിലെ ജീവനക്കാരായും സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർമാരായി കോടമ്പാക്കത്തും എല്ലാം ഈ സഹോദരങ്ങൾ പ്രവർത്തിച്ചു. ആദ്യമായി കളർ ഫോട്ടോഗ്രാഫി, മേന്വൽ ഫോട്ടോ എന്നിവ കോഴിക്കോട് ജില്ലയിൽ പരിചയപ്പെടുത്തുന്നതും ഇവർ തന്നെ. കൊയിലാണ്ടിയിൽ ആദ്യമായി വീഡിയോഗ്രാഫി ആരംഭിച്ചതും ഈ സഹോദരങ്ങൾ തന്നെ. മക്കൾക്ക് വേണ്ട നിർദ്ദേശം കൊടുക്കാനും സ്റ്റുഡിയോ നിയന്ത്രിക്കാനും അമ്മയായ ദേവകിയുമുണ്ടായിരുന്നു. വേണുഗോപാലിൻ്റെ വേർപാടിലൂടെ സ്റ്റിൽ ഫോട്ടോഗ്രാഫി ചരിത്രത്തിലെ അതികായനെയാണ് കൊയിലാണ്ടിക്ക് നഷ്ടമായത്.