ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശക്തി പ്രാപിക്കുന്ന ന്യൂനമര്‍ദ്ദം ജനുവരി അവസാനം ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഈ മാസം 26 മുതല്‍ 28 വരെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ ഭാഗത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 29നും 30നും ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്കന്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ മേല്‍ പറഞ്ഞ തീയതികളില്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. തെക്കന്‍ കേരളത്തിനാണ് കൂടുതല്‍ മഴ ലഭിച്ചിരുന്നത്. മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്.