ബഷീർ ഫെസ്റ്റ് ജൂലൈ രണ്ടു മുതൽ അഞ്ചു വരെ
വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മൾ ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ ജൂലൈ രണ്ടു മുതൽ അഞ്ചു വരെ ബഷീർ ഫെസ്റ്റ് സംഘടിപ്പിക്കും. ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ചു ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി വിപുലമായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. ബഷീറിന്റെ വീട്ടിലും പരിസരങ്ങളിലുമായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ രണ്ടിനു നടക്കും.
ഫെസ്റ്റിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ബഷീർ ചലച്ചിത്ര- ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിക്കും. യുവ സാഹിത്യകാരന്മാർക്കായി കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ സുഭാഷ് ചന്ദ്രൻ നയിക്കുന്ന ക്യാമ്പ് നടത്തും. ബഷീർ ചിത്രരചനാ മത്സരം, ഫോട്ടോ പ്രദർശനം, നാടൻ ഭക്ഷ്യമേള, നാടകം, ഗസൽ സന്ധ്യ തുടങ്ങി വിപുലമായ പരിപാടികളാണ് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്നത്. കൂടാതെ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സെമിനാറുകൾ, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയും നടക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്ത് മാങ്കോസ്റ്റിൻ മരത്തിനു കീഴിലായാണ് ഒത്തു ചേരലുകൾ നടക്കുക. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബഷീർ കഥാപാത്രങ്ങളായി ഇവിടം സന്ദർശിക്കാനും അവസരമൊരുക്കും. ടൂറിസം വകുപ്പ് മന്ത്രി രക്ഷാധികാരിയായ സംഘാടക സമിതിയിൽ മേയർ ഡോ. ബീന ഫിലിപ്പ് ചെയർപേഴ്സണാകും. ടി. രാധാഗോപി, പ്രദീപ് ഹുഡിനോ, പ്രൊഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, അബ്ദുൽ ജബ്ബാർ, പി.പി. രാമചന്ദ്രൻ മാസ്റ്റർ, അഡ്വ. രാധാകൃഷ്ണൻ, പ്രൊഫ. യു. ഹേമന്ത് കുമാർ എന്നിവർ വൈസ് ചെയർമാൻമാരാണ്.
ചലച്ചിത്ര സംഗീത ലളിതകലാ ഫോക്‌ലോർ സാഹിത്യ അക്കാദമികളുടെ സഹകരണത്തോടെയായിരിക്കും പരിപാടി നടത്തുക. ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ പത്രസമ്മേളനത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, രാജീവ്, എം. ഗിരീഷ്, കെ.ആർ. പ്രമോദ്, ടി. രാധാഗോപി, തുടങ്ങിയവർ പങ്കെടുത്തു.