ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണം; അഞ്ച് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: ബാലുശേരിയിൽ എസ് ഡി പി ഐ ഫ്ള‌ക്‌സ് ബോർഡ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി തൃക്കുറ്റിശേരി സ്വദേശി ജിഷ്‌ണുരാജിനെ  മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നജാരിഫ്, റിയാസ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ആൾക്കൂട്ട മർദ്ദനത്തിൽ പങ്കുള‌ള 30 പേർക്കെതിരെയും  കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതോടൊപ്പം ആയുധം കൈയിൽവച്ചതിനും കലാപശ്രമത്തിനും ജിഷ്‌ണുരാജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

എസ് ഡി പി ഐ പ്രവർത്തകർ വളഞ്ഞുവച്ച് രണ്ടുമണിക്കൂറോളം അതിക്രൂരമായി മർദ്ദിച്ച ജിഷ്ണുവിനെ ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കേളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്‌ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലെ ബെർത്ത് ഡേ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിറുത്തി ‘നീയല്ലേ എസ് ഡി പി ഐയുടെ ബോർഡുകൾ നശിപ്പിച്ചത്’ എന്നുചോദിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തല പിടിച്ച് സമീപത്തെ തോട്ടിലെ വെള്ളത്തിൽ പല തവണ മുക്കി ശ്വാസംമുട്ടിച്ചതായും മർദ്ദിച്ച സംഘത്തിൽ ആദ്യം കുറച്ചു പേരാണ് ഉണ്ടായിരുന്നതെന്നും പിന്നീട് ഫോൺ വിളിച്ച് കൂടുതൽപേരെ വരുത്തുകയായിരുന്നുവെന്നും ജിഷ്‌ണു അറിയിച്ചു. തന്നെ മർദ്ദിച്ച സംഘം വടിവാൾ കഴുത്തിൽ വച്ച് സി പി എം നേതാക്കൾ പറഞ്ഞിട്ടാണ് ബോർഡ് നശിപ്പിച്ചതെന്ന് പറയിപ്പിച്ചതായും ജിഷ്‌ണു പറഞ്ഞു.

വടിവാൾ നിർബന്ധിച്ച് കൈയിൽ പിടിപ്പിച്ച് വീഡിയോ പകർത്തി പ്രചരിപ്പിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. തന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ച് വണ്ടിയിൽ പെട്രോൾ തീർന്നെന്ന് പറയാൻ ആവശ്യപ്പെട്ടു. അവരെയും കേസിൽ കുടുക്കിയെന്നും ജിഷ്‌ണു പറഞ്ഞിരുന്നു.

രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.

Comments

COMMENTS

error: Content is protected !!