ബാലുശ്ശേരിയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ആംബുലൻസ് ഇടിച്ച്‌ ഒരാള്‍ക്ക് ഗുരുതര പരിക്ക്

ബാലുശ്ശേരിയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ആംബുലൻസ് ഇടിച്ച്‌ ഒരാള്‍ക്ക് ഗുരുതര പരിക്ക്. റേഷൻ വ്യാപാരി ഇമ്പിച്ചിമമ്മദ് ഹാജിക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് ബാലുശ്ശേരിപറമ്പിന്റെ മുകള്‍ ഭാഗത്ത് വെച്ച്‌ അപകടമുണ്ടായത്
മമ്മദ് ഹാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റൊരു അപകടത്തില്‍ പരിക്കേറ്റയാളുമായി പൂനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ആംബുലൻസ്. എന്നാല്‍ യാത്രയ്ക്കിടെ നിയന്ത്രണം വിടുകയും ഓട്ടോയ്ക്ക് മുകളിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഓട്ടോയുടെ വശം ചേര്‍ന്ന് നില്‍ക്കുകയായിരുന്നു ഇമ്ബിച്ചി മമ്മദ് ഹാജി. ഇദ്ദേഹത്തിന്റെ ശരീരത്തേക്കാണ് ആംബുലൻസ് ഇടിച്ചു കയറിയത്. തുടര്‍ന്ന് ഇതേ ആംബുലൻസില്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം നടക്കുന്ന സമയം ഓട്ടോയില്‍ യാത്രക്കാരോ ഡ്രൈവറോ ഉണ്ടായിരുന്നില്ല. മമ്മദ് ഹാജിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

Comments

COMMENTS

error: Content is protected !!