KERALA
ബിനോയ് കോടിയേരി ഹാജരായി: ലൈംഗിക പീഡന പരാതിയിൽ പൊലീസ് ചോദ്യം ചെയ്യുന്നു
ഡിഎൻഎ പരിശോധന വേണം എന്നതടക്കം യുവതി ഉന്നയിച്ച പരാതിയിൽ നടപടി എടുക്കാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് മുൻകൂര്‍ ജാമ്യ വ്യവസ്ഥയിൽ കോടതി വ്യക്തമാക്കിയിരുന്നു.
മുംബൈ: ബിഹാര്‍ സ്വദേശി യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി. മുൻകൂര്‍ ജാമ്യവ്യവസ്ഥയനുസരിച്ചാണ് ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി കേസ് അന്വേഷണ നടപടികളുമായി സഹകരിക്കണമെന്നാണ് ജാമ്യത്തിലെ വ്യവസ്ഥ.
പന്ത്രണ്ടേകാലോടെയാണ് ബിനോയ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ബിനോയ് എത്തുന്നതിന് അര മണിക്കൂര്‍ മുൻപ് അന്വേഷണ ഉദ്യോഗസ്ഥനും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്നാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ച ബിഹാര്‍ സ്വദേശി യുവതിയുടെ ആവശ്യം. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ ബിനോയ് കോടിയേരിയെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഡിഎൻഎ പരിശോധന അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുക. യുവതി ഹാജരാക്കിയ തെളിവുകളിൽ ബിനോയ് കോടിയേരിയുടെ വിശദീകരണം വിശദമായി പൊലീസ് രേഖപ്പെടുത്തും.
ലൈംഗിക പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ ഒളിവിൽ പോയ ബിനോയ് കോടിയേരി മുൻകൂര്‍ ജാമ്യം ലഭിച്ച പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യ വ്യവസ്ഥകൾ പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയിരുന്നു.
Comments