രണ്ടാം പിണറായി സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ച് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളുടെ വില്‍പന സാംസ്‌കാരിക വകുപ്പ് റദ്ദാക്കി

രണ്ടാം പിണറായി സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ച് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളുടെ വില്‍പന സാംസ്‌കാരിക വകുപ്പ് റദ്ദാക്കി. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ്  വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ”കൈകള്‍ കോര്‍ത്ത് കരുത്തോടെ രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം” എന്ന ലോഗോ പതിച്ച് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 സാഹിത്യഗ്രന്ഥങ്ങളുടെ വില്‍പന ഇതോടെ റദ്ദായി.

ഡോ. എം ലീലാവതിയുടെ മലയാള കവിതാ സാഹിത്യ ചരിത്രം, ഡോ. വയലാ വാസുദേവ പിള്ളയുടെ മലയാള നാടക സാഹിത്യ ചരിത്രം 2005, കെ.എ ജയശീലന്റെ സമാഹരിച്ച കവിതകള്‍, കെ.പി ജയശങ്കര്‍ എഴുതിയ ജീവിതോത്സാഹനത്തിന്റെ ഉപനിഷത്ത്, വൈലോപ്പിള്ളി കവിതാ പാഠങ്ങള്‍ തുടങ്ങിയ 30 പുസ്തകങ്ങളുടെ പുറംചട്ടയിലാണ് രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ പരസ്യമുള്ളത്.

സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ ഭാഗമായി നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ പുസ്തകങ്ങളാണിവ. സാഹിത്യ രചനകളുടെ പുറം ചട്ടയില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച ലോഗോ അച്ചടിച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാംസ്‌കാരിക വകുപ്പിന്റെ ഇടപെടല്‍.

Comments

COMMENTS

error: Content is protected !!