CRIME

ബിന്ദുകുമാറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് അറസ്റ്റിലായ മുത്തുകുമാര്‍

ആലപ്പുഴ സ്വദേശി ബിന്ദുകുമാറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് അറസ്റ്റിലായ മുത്തുകുമാര്‍. ബിന്ദുകുമാറിനെ കൊലപ്പെടുത്തിയത് താനല്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കേസില്‍ പങ്കാളികളായ രണ്ടുപേര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

കൃത്യത്തിന് ശേഷം ഒളിവില്‍ പോയ കോട്ടയം, വാകത്താനം സ്വദേശികളെ കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള ബിബിന്‍, ബിനോയ് എന്നിവരുമൊത്ത് മുത്തുകുമാര്‍ ബിന്ദുകുമാറിനെ വീട്ടിലേക്ക് മദ്യപിക്കാന്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

26ന് വൈകീട്ടോടെ രണ്ട് താറാവിനെ വാങ്ങി കറിവെച്ചു. മദ്യവും ചപ്പാത്തിയും വാങ്ങി. എല്ലാവരും ചേര്‍ന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനിടെ ഫോണ്‍ വന്നപ്പോൾ മുത്തുകുമാര്‍ മുറ്റത്തേയ്ക്കു പോയി. തിരികെ വന്നപ്പോള്‍ ബിന്ദുകുമാര്‍ മര്‍ദ്ദനമേറ്റ് മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നാണ് മൊഴി നല്‍കിയിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.

ഒപ്പമുള്ളവര്‍ ഭീഷണിപ്പെടുത്തിയതോടെ, മുത്തുകുമാര്‍ അയല്‍ വീടുകളില്‍പ്പോയി തൂമ്പയും കമ്പിപ്പാരയും വാങ്ങി. അടുക്കളയ്ക്ക് പിന്നിലെ ഷെഡില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ടു മൂടി. തുടര്‍ന്ന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്‌തെന്നും മുത്തുകുമാര്‍ മൊഴി നല്‍കിയതായി പൊലീസ് സൂചിപ്പിച്ചു.ഉപയോഗശേഷം ആയുധങ്ങള്‍ വൃത്തിയാക്കി അതേ വീടുകളില്‍ മടക്കി നല്‍കുകയും ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് പ്രതി മുത്തുകുമാറിനെയും കൊണ്ടു നടത്തിയ തെളിവെടുപ്പില്‍, ബിന്ദുകുമാറിനെ കുഴിച്ചുമൂടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. അതേസമയം ബിന്ദുകുമാറിനെ കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ഒളിവിലുള്ള രണ്ടുപേരും കഞ്ചാവ് കേസിലടക്കം പ്രതികളാണ്. ഇവരെ പിടികൂടി മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ കൊലപാതക കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷനാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മര്‍ദ്ദനം ആണ് ബിന്ദുകുമാറിന്റെ മരണകാരണമെന്ന് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button