ബിപിഎൽ കുടുംബങ്ങൾക്കു മുൻഗണനാ വിഭാഗം റേഷൻ കാർഡ് ലഭിക്കാനായി പുതിയ ഉത്തരവ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎൽ) കുടുംബങ്ങൾക്കു മുൻഗണനാ വിഭാഗം റേഷൻ കാർഡ് ലഭിക്കാനായി പുതിയ ഉത്തരവ് ഇറങ്ങി. തദ്ദേശസ്ഥാപന സെക്രട്ടറി സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ 20 മാർക്ക് മുൻഗണനാ റേഷൻ കാർഡിനായി പരിഗണിക്കാനാണ് ഉത്തരവ് എന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 2009ലെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടാത്തതും പട്ടികയിൽ ചേർക്കാൻ അർഹതയുള്ളതുമായ കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഇതു കൂടാതെ മുൻഗണന ഇതര കാർഡ് മുൻഗണനാ വിഭാഗത്തിലേക്കു മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സമർപ്പിക്കാൻ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ മാറ്റംവരുത്തിയും ഉത്തരവ് ഇറങ്ങി. അക്ഷയ കേന്ദ്രങ്ങൾ വഴിയോ വകുപ്പിന്റെ വെബ്സൈറ്റിലെ സിറ്റിസൻ ലോഗിൻ വഴിയോ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഇത്തരം അപേക്ഷകൾ സിറ്റി റേഷനിങ് ഓഫിസിലോ താലൂക്ക് സപ്ലൈ ഓഫിസിലോ നേരിട്ടാണു സ്വീകരിച്ചിരുന്നത്. താലൂക്ക് തലത്തിൽ അദാലത്ത് നടത്തി സീനിയോറിറ്റി പ്രകാരമാണു മുൻഗണനാ വിഭാഗങ്ങളിൽ ഒഴിവുകളിലേക്ക് കാർഡ് മാറ്റുന്നത്.