പെരുമണ്ണ പുറ്റെക്കടവ് അങ്കണവാടി ചുറ്റും കാടുമൂടിയ നിലയിൽ

പെരുമണ്ണ: പെരുമണ്ണ പുറ്റെക്കടവിലുണ്ട് ചുറ്റും കാടുമൂടിയ നിലയിൽ പ്രവർത്തിക്കുന്നൊരു അങ്കണവാടി. നാലുസെന്റ് സ്ഥലത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ അങ്കണവാടിക്കുചുറ്റും ഭീതിജനകമായ അന്തരീക്ഷമാണ്. അങ്കണവാടിയുടെ തൊട്ടടുത്തൊന്നും വീടുകളോ മറ്റ് സ്ഥാപനങ്ങളോ ഇല്ല. കാടുമൂടിയ പറമ്പുകളാണ്. പിറകുവശത്തെ പറമ്പിൽനിന്നും അലർജി ഉണ്ടാക്കുന്ന ചേര് അടക്കമുള്ള വലിയ മരങ്ങൾ അങ്കണവാടി പറമ്പിലേക്ക് ചാഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. ഇഴജന്തുക്കളടക്കമുള്ള ജീവികൾ അങ്കണവാടിയിലേക്ക് ഏതുനിമിഷവും പ്രവേശിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. അങ്കണവാടിലേക്കുള്ള റോഡിനോട് ചേർന്ന് ആഴമുള്ള കുളത്തിന് സമാനമായ രീതിയിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇവിടേക്കുള്ള റോഡാകട്ടെ കാൽനടയാത്രപോലും പ്രയാസകരമായ രീതിയിൽ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഈ പ്രയാസങ്ങളെല്ലാം അനുഭവിച്ച് പ്രദേശത്തെ പതിനേഴോളം കുരുന്നുകളാണ് ദിവസേന ഈ അങ്കണവാടിയിലെത്തുന്നത്.

 

അങ്കണവാടിയുടെ അവസ്ഥ കണ്ട് പല രക്ഷിതാക്കളും കുട്ടികളെ അയയ്ക്കാൻ തയ്യാറാകുന്നുമില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ച് മാതൃഭൂമി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് പെരുമണ്ണ ഗ്രാമപ്പഞ്ചായത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും.
Comments

COMMENTS

error: Content is protected !!