KERALA

ബുറേവി ചുഴലിക്കാറ്റ്‌ ഇന്ന്‌ ശ്രീലങ്കൻ തീരത്ത്‌ ; അതീവ ജാഗ്രതയോടെ കേരളം

തിരുവനന്തപുരം> തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം ബുറേവി ചുഴലിക്കാറ്റായി വെള്ളിയാഴ്‌ച പുലർച്ചയോടെ തെക്കൻ തമിഴ്‌നാട്‌ തീരം തൊടും‌. കാറ്റിന്‌ 65 മുതൽ 75 കിലോ മീറ്റർവരെ വേഗമുണ്ടാകും. നിലവിൽ ശ്രീലങ്കൻ തീരത്തുനിന്ന്‌ 460ഉം കന്യാകുമാരിയിൽനിന്ന്‌ 700  കിലോ മീറ്റർ ദൂരത്തിലുള്ള അതിതീവ്ര ന്യൂനമർദം ബുധനാഴ്‌ചയോടെ ചുഴലിക്കാറ്റായി മാറി ശ്രീലങ്കൻ തീരം കടക്കും.

വ്യാഴാഴ്‌ച  മാന്നാർ കടലിടുക്ക്‌ കടന്ന്‌ വെള്ളിയാഴ്‌ച പുലർച്ചെ തെക്കൻ തമിഴ്‌നാട്‌ തീരത്ത്‌ പ്രവേശിക്കും. ബുധനാഴ്‌ചമുതൽ ശനിയാഴ്‌ചവരെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത.  കടൽ പ്രക്ഷുബ്‌ധമാകും . പകൽ രണ്ടു മുതൽ രാത്രി 10 വരെ ഇടിമിന്നലിനും  സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാവകുപ്പ്‌ മുന്നറിയിപ്പു നൽകി.

നേരിടാൻ സജ്ജം
ബുറേവി ജാഗ്രതാ നിർദേശത്തെതുടർന്ന്‌ ഏത്‌ സാഹചര്യവും നേരിടാൻ മുഴുവൻ സർക്കാർ സംവിധാനവും തയ്യാറെടുപ്പ്‌ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട്‌ ടീം സംസ്ഥാനത്തെത്തി. മത്സ്യബന്ധനമേഖലയിൽ ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും അനൗൺസ്‌മെന്റ്‌ ആരംഭിച്ചു.

നേവിയോടും കോസ്റ്റ്ഗാർഡിനോടും തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ കപ്പലും വ്യോമസേനയോട് ഹെലികോപ്‌റ്ററും ഫിക്‌സഡ് വിങ് എയർക്രാഫ്റ്റും സജ്ജമാക്കാൻ നിർദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം 24 മണിക്കൂർ കൺട്രോൾ റൂമായി പ്രവർത്തിക്കും. ജില്ല, താലൂക്ക് തലത്തിൽ കൺട്രോൾ റൂം സജ്ജം‌.

വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽ ക്യാമ്പ്‌ ഒരുക്കി. മഴ തുടങ്ങുന്ന ഉടൻ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റും. കടലാക്രമണം രൂക്ഷമായാൽ തീരമേഖലയിലുള്ളവരെയും മാറ്റും. മഴ ശക്തിപ്പെട്ടാൽ പശ്ചിമഘട്ട മലയോരമേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് ഏഴുമുതൽ രാവിലെ ഏഴുവരെ നിയന്ത്രിക്കും. പൊലീസും അഗ്നിരക്ഷാ സേനയും തയ്യാറായി.

ഇടുക്കിയിൽ രണ്ടും പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ ഓരോ സംഘം ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിക്കും. 20 പേർ അടങ്ങുന്നതാണ്‌ ഒരു സംഘം.  നിർദേശമനുസരിച്ച് മാറി താമസിക്കാൻ ജനം തയ്യാറാകണമെന്ന്‌ സംസ്ഥാന ദുരന്ത നിവാരണവകുപ്പ്‌ അഭ്യർഥിച്ചു. മരുന്നും കുടിവെള്ളവും കരുതണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button