‘അശ്വത്ഥാമാവ് വെറുമൊരു ആന’ ശിവശങ്കറിൻ്റെ പുസ്തകത്തിന് അനുമതിയില്ല

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കർ പുസ്തകം എഴുതിയത് സർക്കാരിന്റെ അനുമതി ഇല്ലാതെ. അഖിലേന്ത്യാ സർവ്വീസ് ചട്ടം അനുസരിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥർ പുസ്തകം എഴുതുന്നതിന് സർക്കാരിന്റെ അനുമതി വാങ്ങണം. ശനിയാഴ്ചയാണ് ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങുന്നത്. നേരത്തെ സർവ്വീസിൽ ഇരിക്കെ അനുമതി ഇല്ലാതെ പുസ്തകം എഴുതിയ ഡിജിപി ജേക്കബ് തോമസിനെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. അന്ന് പുസ്തകം പരിശോധിച്ച ചീഫ് സെക്രട്ടറി ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ശിവശങ്കറിന്റെ പുസ്തകവും സമാനമായ രീതിയിൽ പരിശോധിച്ച ശേഷമാകും നടപടി സ്വീകരിക്കുക.

‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കർ പുസ്തകം പുറത്തിറക്കുന്നത്. ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവ കഥ എന്ന ടാഗ് ലൈനോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം ശനിയാഴ്ച പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ പുതിയ സാഹചര്യത്തിൽ ശനിയാഴ്ച്ച പുറത്തിറങ്ങിയേക്കില്ല.അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രുപങ്ങളാൽ വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഇദ്യോഗസ്ഥന്റെ അനുഭവ കഥ. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഉൾപ്പെടുത്തി. പിന്നെയും കുറേ കേസുകളിൽ കുടുക്കി ജയിലിൽ അടക്കപ്പെട്ട എം ശിവശങ്കർ ആ നാൾവഴികളിൽ സംഭവിച്ചത് എന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു എന്നാണ് പുസ്തകത്തെ കുറിച്ചുള്ള വിശദീകരണം. നടുക്കുന്ന സത്യങ്ങളാണ് പുസ്തകത്തിൽ വെളിപ്പെടുത്തുന്നത് എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിസി ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.
അടുത്തിടെയാണ് സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ എം.ശിവശങ്കർ സർവീസിൽ തിരിച്ചെത്തിയത്. സ്‌പോർട്‌സ് വകുപ്പിൽ സെക്രട്ടറിയായാണ് നിയമനം. സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അനുസരിച്ചാണ് സസ്‌പെൻഷൻ പിൻവലിച്ചത്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് 2020 ജൂലൈ 16ന് ഒരു വർഷത്തേക്കു സസ്‌പെൻഡ് ചെയ്തത്. ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടത് കണക്കിലെടുത്താണ് രണ്ടാമത് സസ്‌പെൻഡ് ചെയ്തത്.

Comments

COMMENTS

error: Content is protected !!