ബോൾട്ടിന്റെ ആ ക്യാച്ച്, ആർച്ചറെ ടീമിലെടുത്തത്; നിർണായകം, ആ നിമിഷം

1999 ലോകകപ്പിലെ സൂപ്പർ സിക്സ് മത്സരത്തിൽ തന്റെ ക്യാച്ച് ദക്ഷിണാഫ്രിക്കൻ താരം ഹെർഷലെ ഗിബ്സ് കൈവിട്ടപ്പോൾ‌ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ഇങ്ങനെ പറഞ്ഞെന്നാണ് കഥ: ‘ഗിബ്സ്, ഒരു ലോകകപ്പ് നിലത്തിട്ടതിനെക്കുറിച്ച് എന്തു തോന്നുന്നു..’. ആ കൈവിട്ട ക്യാച്ചിന്റെ ബലത്തിൽ വോ സെഞ്ചുറി നേടി. ഓസ്ട്രേലിയ ജയിച്ചു. പിന്നീട് സെമിഫൈനലിൽ ഇരുടീമുകളും തമ്മിലുള്ള മത്സരം സമനിലയായപ്പോൾ ആദ്യ ജയത്തിന്റെ ആനുകൂല്യത്തിൽ ഓസ്ട്രേലിയ ഫൈനലിൽ കടന്നു. പാക്കിസ്ഥാനെ അനായാസം തോൽപ്പിച്ച് കിരീടവും ചൂടി.

 

എല്ലാ ലോകകപ്പിലും തങ്ങളുടെ കുതിപ്പിൽ അതിനിർണായകമാവുന്ന ഒരു ഭാഗ്യ നിമിഷത്തിന്റെയോ ബുദ്ധിപരമായ തീരുമാനത്തിന്റെയോ കഥ എല്ലാ ടീമുകൾക്കും പറയാനുണ്ടാകും. ഇത്തവണ ഫൈനലിലെത്തിയ ഇംഗ്ലണ്ടിനും ന്യൂസീലൻഡിനും അതുണ്ട്.

 

∙ ന്യൂസീലൻഡ് – ബോൾട്ട് ആ ക്യാച്ച് എടുത്തില്ലായിരുന്നെങ്കിൽ!

 

വെസ്റ്റിൻഡീസ് താരം കാർലോസ് ബ്രാത്‌വെയ്റ്റിന്റെ ആ ഷോട്ട് ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ട് കയ്യിലൊതുക്കിയില്ലായിരുന്നെങ്കിൽ! ന്യൂസീലൻഡ് ലോകകപ്പിന്റെ സെമിഫൈനൽ പോലും കാണില്ലായിരുന്നു. വിൻഡീസിനെതിരെ റൗണ്ട് റോബിൻ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നു നേടിയ ആ ജയമാണ് കിവീസിനെ സെമിയിലെത്താൻ സഹായിച്ചത്.

 

ഓസ്ട്രേലിയയെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ, വിഡിയോ സ്റ്റോറി കാണാം
ന്യൂസീലൻഡിന്റെ 291 റൺസിനെ പിന്തുടർന്ന വിൻഡീസ് ഒൻപതിന് 245 എന്ന നിലയിൽ തോൽവിയെ നേരിട്ടെങ്കിലും ഉജ്വല സെഞ്ചുറിയിലൂടെ ബ്രാത്‌വെയ്റ്റ് വിജയത്തിന് അരികെയെത്തിച്ചു. ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കെ വിൻഡീസിനു ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് ഓവറിൽ 10 റൺസ്. 49–ാം ഓവറിൽ തന്നെ കളി തീർക്കാൻ വെമ്പിയ ബ്രാത്‌വെയ്റ്റ് നീഷാമിന്റെ ഓവറിലെ അവസാന പന്ത് ലോങ്ഓണിലേക്ക് ഉയർത്തി. ബൗണ്ടറി ലൈനിനു തൊട്ടു മുൻപിൽ കൈകളുയർത്തി മനഃസാന്നിധ്യത്തോടെ ബോൾട്ടിന്റെ ക്യാച്ച്. ന്യൂസീലൻഡിന് 5 റൺസ് ജയം!

 

∙ ഇംഗ്ലണ്ട് – ആർച്ചർ ടീമിൽ ഇല്ലായിരുന്നെങ്കിൽ!

 

പേസ് ബോളർ ജോഫ്ര ആർച്ചറെ ലോകകപ്പ് ടീമിലെടുക്കാൻ തീരുമാനമെടുത്ത ഇംഗ്ലിഷ് സിലക്ടർമാരെ ആരാധകർ എന്നും നന്ദിയോടെ ഓർക്കും. ലോകകപ്പിലെ മത്സര നിമിഷങ്ങളെക്കാൾ ലോകകപ്പിനു മുൻപുള്ള ആ നിമിഷമാണ് ഇംഗ്ലണ്ട് ടീമിന്റെ തലവര മാറ്റിയത്. വെസ്റ്റിൻഡീസ് വംശജനായ ആർച്ചർ ലോകകപ്പിനായി ഇംഗ്ലണ്ട് പ്രഖ്യാപിച്ച ആദ്യ ടീമിൽ ഉണ്ടായിരുന്നില്ല. ‘ആരെ മാറ്റിയാണെങ്കിലും ആർച്ചറിന് ഞാൻ അവസരം നൽകും’ എന്നാണ് മുൻ താരം ആൻഡ്രൂ ഫ്ലിന്റോഫ് അതിനെക്കുറിച്ച് പ്രതികരിച്ചത്.

 

ഒടുവിൽ സിലക്ടർമാർ ആർച്ചറെ 15 അംഗ അന്തിമ ടീമിൽ ഉൾപ്പെടുത്തി. ആർച്ചർ ആ തീരുമാനത്തെ തന്റെ പ്രകടനത്തിലൂടെ നൂറുവട്ടം ശരിവച്ചു. ലോകകപ്പിൽ മാരകമായ പേസും ബൗൺസുമായി എതിർ ടീമുകളുടെ മുൻനിരയെ കശക്കിയ ആർച്ചർ ഇതുവരെ നേടിയത് 19 വിക്കറ്റുകൾ. സെമിയിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ഗോൾഡൻ ഡക്കാക്കി ഓസീസിന്റെ തകർച്ചയ്ക്കു തുടക്കമിട്ടതും ഈ ഇരുപത്തിനാലുകാരൻ തന്നെ.
Comments

COMMENTS

error: Content is protected !!