CALICUTDISTRICT NEWS
ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ദുരന്തനിവാരണ സേന രൂപീകരിക്കും- ബാബു പറശ്ശേരി
![](https://calicutpost.com/wp-content/uploads/2019/10/th-2-1-300x169.jpg)
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ദുരന്തനിവാരണ സേന രൂപീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. 12 ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഓരോ പഞ്ചായത്തുകളില്‍ നിന്നും 10 പേരടങ്ങുന്ന ടീമിനെ ഉള്‍പ്പെടുത്തിയാവും സേന രൂപീകരിക്കുക. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പകച്ചു നില്‍ക്കാതെ ശക്തമായ രീതിയില്‍ ഇടപെട്ട് മുന്നോട്ടു പോവാന്‍ കഴിയണം. അതിനായി പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരടങ്ങിയ ദുരന്ത നിവാരണ ടീം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സേനക്കു പുറമെ ദുരന്ത ബാധിത പ്രദേശത്ത് അടിയന്തമായി എത്തിക്കേണ്ട ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ എന്നിങ്ങനെയുള്ള ജീവന്‍രക്ഷാ വസ്തുക്കള്‍ ലഭ്യമായ സ്ഥലങ്ങള്‍, ഇവ ശാസ്ത്രീയമായി ഉപയോഗിക്കാന്‍ അറിയുന്ന വ്യക്തികളുടെ വിവരങ്ങളും ഫോണ്‍ നമ്പറും തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയിട്ടുള്ള ഡയറക്ടറിയും തയ്യാറാക്കും. സേനയിലംഗങ്ങളാവുന്നവര്‍ക്ക് ജനുവരിയോടെ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങില്‍ ജില്ലാ ഹോമിയോ ആശുപത്രിയുടെ വിവിധ പദ്ധതികള്‍ ഉള്‍കൊള്ളിച്ച് നിര്‍മ്മിച്ച ‘ഓമനത്തിങ്കള്‍’ വീഡിയോ ഡോക്യുമെന്ററിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വി അബ്ദുസ്സലാം ഏറ്റുവാങ്ങി. നവംബര്‍ ഒന്നിന് ടൗണ്‍ ഹാളില്‍ നടക്കുന്ന ജനനി സ്നേഹ സംഗമത്തിന്റെ ഭാഗമായാണ് 22 മിനുറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തയ്യാറാക്കിയത്.
യോഗത്തില്‍ 48 ടെണ്ടറുകള്‍ക്ക് അംഗീകാരം നല്‍കി. നവംബറോടു കൂടി ടെണ്ടര്‍ പൂര്‍ത്തീകരിച്ച് ജനുവരിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ അതാത് ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും യോഗം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്റിംഗ്ഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുജാത മനക്കല്‍, പി. കെ സജിത, പി ജി ജോര്‍ജ്ജ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനനി കണ്‍വീനര്‍ ഡോ എസ് സുനില, ജനനി മെഡിക്കല്‍ ഓഫീസര്‍ ഡോ എം റീന, സീതാലയം കണ്‍വീനര്‍ ഡോ എസ് ബിന്ദു, ആയുഷ്മാന്‍ കണ്‍വീനര്‍ ഡോ എന്‍ ജയശീ, സദ്ഗമയ കണ്‍വീനര്‍ ഡോ ദീപ രവിവര്‍മ, മാങ്കാവ് സി എം ഒ ഡോ ടി വൈ ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു
Comments