ഭരണഘടനയെ വിമർശിച്ച സജി ചെറിയാനെതിരെ കോടതിയിൽ ഹർജി

കൊച്ചി: ഭരണഘടനയെ വിമർശിച്ച ഫിഷറീസ് സഹകരണ വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ കോടതിയിൽ ഹർജി. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ഇന്നലെ ഇയാൾ പത്തനംതിട്ട എസ്പിക്ക് നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണമെന്ന് ഹർജിക്കാരന്റെ ആവശ്യം. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.

അതേസമയം, വിവാദ പരാമർശത്തിൽ രാജിവെക്കില്ലെന്ന് ഇന്ന് എകെജി സെന്ററില്‍ ചേർന്ന അവയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. രാജിയാവശ്യപ്പെട്ട പ്രതിപക്ഷം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്ന് എകെജി സെന്ററില്‍ അവയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സജി ചെറിയാനും അടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.

സജി ചെറിയാൻ രാജി വെച്ചില്ലെങ്കിൽ ​ഗവർണറെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. പ്രതിപക്ഷം സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും അവതരണത്തിന് അനുമതി നൽകിയില്ല. തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തര വേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!