ഭവനശുചിത്വത്തിന്റെ  പുതുമാതൃകയുമായി കൊയിലാണ്ടി  നഗരസഭ

നാടും നഗരവും വൃത്തിയുള്ളതാക്കാനുള്ള കൊയിലാണ്ടി നഗരസഭയൂടെ പുത്തന്‍ ആശയങ്ങള്‍ ഭവന ശുചിത്വത്തിന്റെ പുതുമാതൃകയാവുന്നു. നഗരസഭയിലെ 17000 വീടുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ടെത്തി ശുചിത്വ പരിശോധന നടത്തിയും വീട്ടുകാരെ ഗാര്‍ഹിക ശുചിത്വത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചും നടത്തിയ ശുചിത്വ ഭവന പദ്ധതി പ്രവര്‍ത്തനം ജന മനസുകളില്‍ ഇടം നേടികഴിഞ്ഞു. 25 വീടുകള്‍ വീതമുള്ള ക്‌ളസ്റ്ററുകളാക്കി അയല്‍കൂട്ട തലത്തിലുള്ള പരിശോധനയും  ക്‌ളസ്റ്റര്‍ വിജയികളെ വാര്‍ഡുതലത്തില്‍ വിലയിരുത്തി വാര്‍ഡ് തല പരിശോധനയും പൂര്‍ത്തിയാക്കി. ഓരോ വാര്‍ഡിലും ഒന്നു വീതം ശുചിത്വഭവനങ്ങള്‍ കണ്ടെത്തി നഗരസഭയില്‍ 44 ശുചിത്വ വീടുകള്‍ സമ്മാനാര്‍ഹമായി തെരഞ്ഞെടുത്തു കഴിഞ്ഞു. മൂന്നാം ഘട്ടത്തില്‍ മികച്ച ശുചിത്വ നിലവാരം പുലര്‍ത്തിയ 10 ഭവനങ്ങള്‍ നിര്‍ണ്ണയിച്ച ശേഷം വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ ഒന്നും രണ്ടും, മൂന്നും സ്ഥാനത്തിന് അര്‍ഹരായവരേയും നിശ്ചയിച്ചു.

ചിത്ര പ്രദര്‍ശനം, ശുചിത്വ ഭവനത്തിനുള്ള  സ്വര്‍ണ്ണ സമ്മാന വിതരണം, കുടുംബശ്രീ സംഗമം എന്നീ പരിപാടികള്‍ ഇന്ന് (നവംബര്‍ 1) കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ഹാളില്‍ നടക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ശുചിത്വ ഭവന പ്രഖ്യാപനം നടത്തി സമ്മാനം നല്‍കും. നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ അധ്യക്ഷനാകും. വൈകീട്ട് 3 മണിക്ക്  നടക്കുന്ന കുടുംബശ്രീ  സംഗമത്തില്‍ ജനപ്രതിനിധകള്‍, ഉദ്യോഗസ്ഥര്‍,  ശുചിത്വമിഷന്‍, കുടുംബശ്രീ, ഹരിതകേരളമിഷന്‍, എന്നിവയുടെ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ സി കബനി, പി സി കവിത, പി. പ്രകാശന്‍ എന്നിവര്‍ മുഖ്യാതിഥികളായെത്തും.

നവകേരമിഷന്റെ ഭാഗമായി ഹരിതകേരളം പദ്ധതിയുടെ വൃത്തി, വെള്ളം, വിളവ്  എന്നീ ഉപമിഷനുകളുടെ സന്ദേശമുള്‍കൊണ്ട് ഗൃഹപരിപാലനം നടത്തിയ ഭവനങ്ങളെ ഊര്‍ജ്ജ സംരക്ഷണത്തിന്റെ കൂടി പരിഗണനയില്‍ ഉള്‍പ്പെടുത്തി ശുചിത്വ ഭവനങ്ങളെ നിശ്ചയിക്കുന്ന പ്രക്രിയയാണ് സ്വീകരിച്ചത്. ഏറ്റവും  ഉന്നത ശുചിത്വ നിലവാരം പുലര്‍ത്തിയ ഒരു വീടിന് ചെമ്മണ്ണര്‍ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന സ്വര്‍ണസമ്മാനവും, രണ്ടും മൂന്നം സ്ഥാനങ്ങള്‍ക്ക് പ്രത്യേക സമ്മാനങ്ങളും കൂടാതെ 7 വീടുകള്‍ക്ക് പ്രോത്സഹന സമ്മാനങ്ങളും  ഏര്‍പ്പെടുത്തിയതായി നഗരസഭാ അധ്യക്ഷന്‍ അഡ്വ കെ സത്യന്‍പറഞ്ഞു.
സമ്മാന പദ്ധതി എന്നതിനപ്പുറം വെടിപ്പാര്‍ന്ന വീടും ഗൃഹാന്തരീക്ഷവും രോഗസാധ്യതകളില്‍ നിന്നും മോചിപ്പിക്കുമെന്ന സന്ദേശം  ജനമനസുകളില്‍ വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യെമിടുന്നത്. നഗരസഭാ കുടുംബശ്രീയെയാണ്് ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി ചുമതല ഏല്‍പ്പിച്ചത്.

Comments

COMMENTS

error: Content is protected !!