ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ കുഴിച്ചെടുക്കില്ലെന്ന് കരുതട്ടെ; ഗ്യാൻവാപി ശിവലിംഗ വിവാദത്തെ ട്രോളി തൃണമൂൽ കോൺഗ്രസ്സ് എം പി മഹുവ മൊയ്ത്ര
ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ പരിഹസിച്ച് തൃണമൂൽ എം പി മഹുവ മൊയ്ത്ര. ഇന്ത്യയുടെ ദേശീയ ആണവ ഗവേഷണ കേന്ദ്രമായ മുംബൈയിലെ ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെ ചിത്രം കണ്ട് അത് ശിവലിംഗമാണെന്ന് കരുതി അവിടെപ്പോയി കുഴിക്കരുതെന്ന് പരിഹസിക്കുകയാണ് മഹുവയുടെ ട്വീറ്റ്.
‘ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ കുഴിയെടുക്കുന്ന പട്ടികയിൽ അടുത്തതായി വരില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് മഹുവ ട്വീറ്റിൽ പറയുന്നത്. ആറ്റോമിക് റിസർച്ച് സെന്ററിന്റെ ശിവലിംഗവുമായുള്ള രൂപസാദ്യശ്യം ചൂണ്ടിക്കാട്ടിയാണ് മഹുവ ട്രോളുന്നത്. ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ അധികം വെെകാതെ ഭക്തർ കൂറ്റൻ ശിവലിംഗമായി പ്രഖ്യാപിക്കുമെന്ന് തൃണമൂലിലെ തന്നെ രാജ്യസഭാ എംപി ജവഹർ സർക്കാറും മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമായി ഇടപെടുന്ന വനിതയാണ് മഹുവ. പാർലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളുമായി ബന്ധപ്പെട്ടും ഇവർ ശ്രദ്ധേയയാണ്. ബിജെപിയുടെ കടുത്ത വിമർശകരിൽ ഒരാളാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖല തകർന്നിരിക്കുമ്പോൾ സർക്കാർ കുഴിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന ചിത്രം ബുധനാഴ്ച അവർ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
അതേസമയം, ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ കൂടാതെ മറ്റു നിരവധി നിർമിതികളും സാധനങ്ങളുമൊക്കെ പങ്കുവച്ച് ഇതൊന്നും ശിവലിംഗമാണെന്ന് പറഞ്ഞ് പിടിച്ചെടുക്കരുതെന്നും ഇതിരിക്കുന്ന സ്ഥലം സീൽ വയ്ക്കരുതെന്നും ചൂണ്ടിക്കാട്ടി വൻ ട്രോളുകളാണ് ഉയരുന്നത്. ഇതിൽ വീടുകളിൽ മുറുക്കാനും മറ്റും ഇടിക്കുന്ന കല്ല് മുതൽ ദുബായിലെ ബുർ ഖലീഫ വരെ ഉൾപ്പെടുന്നു.
അതേസമയം, വാരണാസി കോടതി ഉത്തരവിട്ട ഗ്യാൻവാപി പള്ളിയുടെ സർവേ ചോദ്യം ചെയ്തുള്ള ഹരജി ജസ്റ്റിസുമായ ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് നാളെ പരിഗണിക്കും. ചൊവ്വാഴ്ച വിഷയത്തിൽ വാദം കേട്ട കോടതി, എവിടെയാണ് ശിവലിംഗം കണ്ടെത്തിയത് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചിരുന്നു. സുരക്ഷയുടെ പേരില്‍ മുസ്‌ലിംകളുടെ ആരാധന സ്വാതന്ത്ര്യം തടസപ്പെടരുതെന്നും കോടതി പറഞ്ഞിരുന്നു.
ശിവലിംഗമാണെന്ന് കോടതി നിയോഗിച്ച ഹൈന്ദവ ഹരജിക്കാരുടെ കമ്മീഷൻ പറയുന്നത് വുദു ടാങ്കിലെ (അംഗശുദ്ധി വരുത്താനുള്ള ജലം) ഫൗണ്ടൻ ആണെന്ന് ഗ്യാൻവാപി പള്ളി കമ്മിറ്റി വ്യക്തമാക്കിയിരുന്നു. മുഗൾ നൂറ്റാണ്ടിലെ പള്ളികളിൽ ജലസംഭരണിയും ഫൗണ്ടനും ഉണ്ടാവാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.