പ്രളയ ബാധിതര്‍ക്കുള്ള സഹായം: അനര്‍ഹര്‍ കടന്നു കൂടരുത്; അര്‍ഹര്‍ വിട്ടുപോകരുത്- മന്ത്രി രാമകൃഷ്ണന്‍

പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായ വിതരണത്തിനുള്ള പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം അര്‍ഹരായ ഒരാളും വിട്ടുപോകുന്ന സാഹചര്യവും ഉണ്ടാകരുത്. പ്രളയാനന്തര പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ ബാധിതരായ കുടുംബങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരെയും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെയുമാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
ദുരിതാശ്വാസ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തു എന്നതല്ല പ്രളയബാധിത സഹായത്തിന് അര്‍ഹതക്കുള്ള മാനദണ്ഡം. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും വീട്ടില്‍ വെള്ളം കയറുകയോ വീട് പൂര്‍ണമായോ ഭാഗികമായോ തകരുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ധനസഹായം ലഭിക്കും. ഇത് പരിശോധിച്ചു ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ്. ഇക്കാര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ പാടില്ലെന്നും അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഗുണഭോക്തൃപട്ടിക തയ്യാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു
പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ 83 വീടുകള്‍ പൂര്‍ണമായും 1004 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാകലക്ടര്‍ സാംബശിവറാവു യോഗത്തില്‍ വ്യക്തമാക്കി. 17 മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്ന് ഉടന്‍ വിതരണം ചെയ്യുന്നതിന് നടപടി എടുക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഓരോ മേഖലയിലും പ്രളയം വരുത്തിയ നഷ്ടം വിവിധ വകുപ്പുകള്‍ കൃത്യമായി കണക്കാക്കി കൊണ്ടിരിക്കുകയാണ്. റോഡുകളും പാലങ്ങളും തുടങ്ങി അടിയന്തരമായി പ്രവര്‍ത്തി നടത്തേണ്ട എല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്. മൂന്ന് പാലങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിന് ഇതിനകം ഭരണാനുമതി ലഭിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വഴിയാധാരം ആയവര്‍ക്ക് ബന്ധുവീടുകളിലും മറ്റും താമസിക്കാന്‍ സൗകര്യമില്ലെങ്കില്‍ താത്ക്കാലിക താമസ സൗകര്യം സര്‍ക്കാര്‍ ചെലവില്‍ ഒരുക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണം. ഇതിനുള്ള തുക ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്ന് ലഭിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സിറ്റി ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജ്ജ്, സബ്കലക്ടര്‍ വിഘ്നേശ്വരി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Comments

COMMENTS

error: Content is protected !!