ഭാഷ ജനാധിപത്യം മാര്‍ക്‌സിസം കെ വേണുവിനോട് ചില വിയോജിപ്പുകള്‍
എന്‍ വി ബാലകൃഷ്ണന്‍
കെ.വേണു, ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് ചിന്താധാരയിലെ അഭിമാനസ്തംഭങ്ങളില്‍ ഒന്നായിരുന്നു. 1970 ല്‍ അദ്ദേഹം എഴുതിയ ‘പ്രപഞ്ചവും മനുഷ്യനും’ മുതല്‍ ‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്യം’ വരെയുള്ള പുസ്തകങ്ങള്‍ അതീവ താല്‍പ്പര്യത്തോടെ മലയാളികള്‍ വായിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ലഭിക്കുന്ന ഒരവസരവും നാം ഒഴിവാക്കാറില്ല. എസ്.എഫ്.ഐ ക്കാലത്ത് കൊടുങ്ങല്ലൂരില്‍ വെച്ച് ഞങ്ങള്‍ ഒരു ചങ്ങാതിക്കൂട്ടമായി അദ്ദേഹത്തോട് നടത്തിയ സംവാദം മുതല്‍, എറ്റവും പുതിയ പുസ്തകത്തെക്കുറിച്ച്, ഓമശ്ശേരിയില്‍ നടന്ന ചര്‍ച്ച വരെ, പല തവണ അദ്ദേഹത്തോട് മാര്‍ക്‌സിസത്തെപ്പറ്റി ചര്‍ച്ചകള്‍ നടത്താനും അവസരം ലഭിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹം ഒരു കാര്യത്തെ പഠിക്കുന്ന രീതി, അതിവിപുലമായ വായന, പ്രകൃതിശാസ്ത്രം, സാമൂഹ്യശാസ്ത്രം, തത്വശാസ്ത്രം എന്നിവയെ കോര്‍ത്തിണക്കിയുള്ള വിശകലന രീതി എന്നിവയൊക്കെ അങ്ങേയറ്റം മതിപ്പുളവാക്കിയിട്ടുമുണ്ട്.
ശ്രദ്ധ സാമൂഹ്യ പാഠശാലയുടെ സംവാദപരമ്പരയിലെ രണ്ടാം ദിവസം ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വഴിത്തിരിവുകളും ഫാസിസവും’ എന്ന വിഷയത്തില്‍ അദ്ദേഹം നടത്തിയ അവതരണവും തുടര്‍ന്നു നടന്ന കത്തിക്കയറിയ ചര്‍ച്ചയുമാണ് ഈ കുറിപ്പിനാധാരം.
‘ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്പ’ത്തില്‍ നിന്ന് പുറപ്പെട്ട് ‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്യം’ എന്ന കൃതിയിലെത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിന്താപരമായ വഴിത്തിരിവുകള്‍ അച്ചെട്ടായി ആവര്‍ത്തിക്കുക തന്നെയാണിവിടേയും അദ്ദേഹം ചെയ്തത്. അതിന് അദ്ദേഹത്തിനുള്ള സ്വാതന്ത്ര്യത്തേയും തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള അവകാശത്തേയും കലവറയില്ലാതെ അംഗീകരിക്കുന്നു. അപ്പോഴും സംവാദത്തില്‍ ഒരു ജനാധിപത്യവാദിയാകാന്‍ കഴിയാത്ത അദ്ദേഹത്തിന്റെ പരിമിതിയില്‍ ദുഖിക്കുകയും ചെയ്യുന്നു.
മാര്‍ക്‌സിസത്തെ നിരാകരിക്കുന്നതിന് വേണ്ടി അദ്ദേഹം ഉപയോഗിക്കുന്ന രണ്ട് സംജ്ഞകളാണ് ഭാഷയും ജനാധിപത്യവും. മനുഷ്യന്റെ ചരിത്രപരമായ പരിണാമവുമായി ബന്ധപ്പെടുത്തി ഇതിനെ വിശദീകരിക്കാനാണ് മാര്‍ക്‌സിസം ശ്രമിച്ചതെങ്കില്‍, ജൈവാസ്പദങ്ങളെ (മ്യൂട്ടേഷന്‍ പോലുള്ളവ) ഉപയോഗിച്ച് അവ വിശദീകരിക്കാനും മാര്‍ക്‌സിസത്തെ അതുവഴി നിരാകരിക്കാനുമുള്ള ത്വരയാണ് തുടര്‍ച്ചയായി അദ്ദേഹം പ്രകടിപ്പിച്ച് കാണുന്നത്. ഭാഷ, ജനാധിപത്യം എന്നിവയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ജൈവാസ്പദങ്ങളുടെ മൗലികത അംഗീകരിച്ചാല്‍ പോലും അവയുടെ ചരിത്രപരമായ വികാസപാതയിലെ വര്‍ഗ്ഗ ബന്ധങ്ങളെ,(സ്വത്തുടമാ ബന്ധങ്ങള്‍, ചൂഷണം, അധികാരം) പ്രയോഗങ്ങളെ, അദ്ദേഹം പരിഗണിക്കുന്നേയില്ല. ഇന്ത്യയില്‍ ഒരു കാലത്തും പരിഗണനീയമായ സംസാരഭാഷയായിട്ടില്ലാത്ത സംസ്‌കൃത ഭാഷയ്ക്ക് ഇന്ത്യന്‍ വിജ്ഞാന സമ്പത്തിന് മേല്‍ കൈവന്ന അധീശത്വത്തേയും ബ്രാഹ്മണാധിപത്യ അധികാരഘടനയ്ക്ക് ഇന്നും പറയത്തക്ക കോട്ടമൊന്നും തട്ടാതിരിക്കുന്നതിനേയും എങ്ങിനെ വിശദീകരിക്കും എന്ന പ്രശ്‌നത്തോട് അദ്ദേഹം പ്രതികരിക്കുന്നേയില്ല. അതികഠിനമായ ചൂഷണത്തിന് വിധേയമാകുന്നവനുമുമ്പില്‍ ജനാധിപത്യത്തിന്റെ പ്രയോഗങ്ങള്‍, വര്‍ഗ്ഗപരമായേ വിശദീകരിക്കാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം പരിഗണിക്കാന്‍ തയാറല്ല തന്നെ.
യു പിയില്‍ നക്കാപ്പിച്ച കൂലിയ്ക്ക് ജോലി ചെയ്യേണ്ടി വരുന്ന ഗ്രാമീണരുടെ ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് കോണ്‍ഗ്രസ്സ് പ്രതിനിധി സൂചിപ്പിച്ചപ്പോള്‍ അതൊന്നും അങ്ങിനെ പരിഗണിയ്ക്കപ്പെടേണ്ടതല്ല; എന്നാണ് വേണുവിന്റെ മറുപടി. കൂലിയില്‍ അന്തരം സ്വാഭാവികമാണ്; കേരളത്തില്‍ 1000 രൂപ കൂലി കിട്ടുമ്പോള്‍ തമിഴ്‌നാട്ടില്‍ 500 ഉം യു.പി.യില്‍ 200 ഒക്കെ സ്വാഭാവികം എന്നാണദ്ദേഹത്തിന്റെ നിലപാട്. ഈ അന്തരത്തിന്റെ ചരിത്രപരമായ കാരണങ്ങളോ, പരിഹാരങ്ങളോ ഇതില്‍ ജനാധിപത്യത്തിന്റെ വിനിയോഗമോ ഒന്നും അദ്ദേഹത്തിന് വിഷയമേയല്ല.
ഫാസിസത്തിന്റെ അധികാരഘടന ഒരു സാംസ്‌കാരിക പ്രശ്‌നം മാത്രമായി ലഘൂകരിച്ച് അവതരിപ്പിക്കാനാണദ്ദേഹം ശ്രമിക്കുന്നത്. അതിന് കോര്‍പ്പറേറ്റ് മൂലധനവുമായുള്ള വൈരുദ്ധ്യാത്മക ബന്ധങ്ങളോ താല്‍പ്പര്യങ്ങളോ കാണാനുള്ള കണ്ണ് അദ്ദേഹത്തിനില്ല. അഥവാ ഉണ്ടെങ്കില്‍ അദ്ദേഹം അത് ബോധപൂര്‍വ്വം മുറുകെ ചിമ്മുന്നു. വര്‍ണ്ണ ജാതി ഘടനയിലെ ആന്തരിക വൈരുദ്ധ്യങ്ങള്‍ നിമിത്തം ഫാസിസത്തിന് ശാശ്വതമായ നിലനില്‍പ്പില്ലാ എന്ന് ശരിയായി വിലയിരുത്തുമ്പോഴും ഫാസിസത്തിന് മുകളിലുള്ള മൂലധനത്തിന്റെ പിടിയെ അദ്ദേഹം പരിഗണിക്കുന്നേയില്ല. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുളള മൗനം ബോധപൂര്‍വമല്ല എന്ന് അത് കൊണ്ട് തന്നെ കരുതാനുമാവില്ല. പൊതുവായി ജീവിതവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങളില്‍ ഒരു തരം അളിഞ്ഞ നിസ്സംഗത അദ്ദേഹം പുലര്‍ത്തുന്നതായി കാണാം. ജനകീയ ഇടപെടലിലൊന്നും താല്‍പ്പര്യമില്ലാതിരിക്കുമ്പോഴും എല്ലാം കാലത്തില്‍ ‘തനിയെ ശരിയായിക്കൊള്ളും’ എന്ന വിധി വിശ്വാസത്തില്‍ അഭയം തേടുന്ന നിലയിലാണ് അദ്ദേഹത്തിന്റെ സമീപനം.
ഭൗതികവാദ സമീപനവുമായി ബന്ധപ്പെട്ട് ചില സി.പി.ഐ.(എംഎല്‍) പ്രവര്‍ത്തകരുടെ ചര്‍ച്ചയോട് അദ്ദേഹം പുലര്‍ത്തിയ സമീപനം അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും അസഹിഷ്ണുത ശക്തമായി നിഴലിയ്ക്കുന്നതുമാണന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അത്തരം ഒരു നിലപാട് ജനാധിപത്യത്തിന്റെ അപ്പോസ്തലനായ വേണുവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. വികസിതമായ ഒരു വിശകലന പരിസരത്ത് വെച്ച്, തത്വശാസ്ത്രത്തെ ഭൗതികവാദപരമെന്നും ആശയവാദപരമെന്നും പിളര്‍ത്തി മാറ്റാനാവില്ല, എന്ന നിലപാടാണീ ലേഖകനുമുള്ളത്. പക്ഷേ നമ്മുടെ വ്യവഹാര തലത്തില്‍ അങ്ങിനെതന്നെയാണ് സമൂഹം വസ്തുക്കളേയും പ്രക്രിയകളേയും പ്രതിഭാസങ്ങളേയും മനസ്സിലാക്കുന്നത്, എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അപ്പോള്‍ വ്യവഹാര തലത്തില്‍ അവരുന്നയിച്ച ഒരു പ്രശ്‌നത്തില്‍ ആ തലത്തില്‍ മറുപടി പറയാതെ തത്വശാസ്ത്രത്തിന്റെ ആശയ തര്‍ക്കത്തിന്റെ തലത്തില്‍ മറുപടി പറഞ്ഞൊഴിയുന്നത് സത്യസന്ധമായ രീതിയല്ല. ‘ഞാന്‍ ആശയവാദിയാണോ ഭൗതികവാദിയാണോ എന്നൊന്നുമറിയില്ല; ഞാനൊരു യാഥാര്‍ത്ഥ്യവാദിയാണ്’ എന്ന മറുപടി കടവല്ലൂര്‍അന്യോന്യം പോലുള്ള തര്‍ക്കങ്ങളില്‍ സംഗതമായിരിക്കാമെങ്കിലും ഇതുപോലുള്ള സംവാദങ്ങളില്‍ അഭികാമ്യമല്ല എന്നാണ് ഈ ലേഖകന്റെ ഒരു തോന്നല്‍. ശരിയായാലും തെറ്റായാലും അത്തരം സംവാദ വേദിയില്‍ അവതാരകന്‍ എന്ന മേധാപദവിയിലുള്ള ഒരാള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നയാള്‍ പറയുന്നത് ‘വിവരക്കേടാ’ണ് എന്ന് പ്രയോഗിക്കുന്നത് ഭംഗിയല്ല. ഭാഷാപ്രയോഗങ്ങള്‍ ഇത്തരം സംവാദങ്ങളുടെ ജനാധിപത്യ ഉള്ളടക്കങ്ങളെ ഹനിക്കുന്നതായി കൂടാ.
അപ്പോഴും ശ്രദ്ധ സാമൂഹ്യപാഠശാലയുടെ രണ്ടാം ദിവസത്തെ സംവാദം, സാര്‍ത്തകമായിരുന്നു എന്ന് നിസ്സംശയം പറയാം.