LATEST
ഭീതിയുടെ നിഴല്‍ വിരിച്ച് കൊറോണ വൈറസ്, ചൈനയില്‍ എഴ് നഗരങ്ങളില്‍ 2 കോടി ആളുകള്‍ക്ക് സമ്പര്‍ക്ക വിലക്ക്

വുഹാന്‍: മരണ ഭീതി പരത്തി ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ഏഴ് നഗരങ്ങളിലായി രണ്ടുകോടിയോളം ആളുകള്‍ക്ക് ചൈനീസ് അധികൃതര്‍ സമ്പര്‍ക്കവിലക്ക് ( quarantine) ഏര്‍പ്പെടുത്തി. ചൈനയില്‍ പുതുവര്‍ഷാവധി തുടങ്ങുന്നതിനാല്‍ ആളുകള്‍ കൂടുതല്‍ യാത്രകള്‍ നടത്തുന്നത് പരിഗണിച്ചാണ് മുന്നറിയിപ്പെന്ന നിലയില്‍ വിലക്ക് കൊണ്ടുവന്നത്.
കൊറോണ വൈറസ് ബാധിതരായി ന്യുമോണിയ പിടിപ്പെട്ട് 25 പേരാണ് ഇതുവരെ ചൈനയില്‍ മരിച്ചത്. 830ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. 2019-nCoV എന്ന കൊറോണ വൈറസാണ് ചൈനയില്‍ പടര്‍ന്നുപിടിച്ചത്. ചൈനയില്‍ നിന്ന് സമീപ രാജ്യങ്ങളിലേക്കും വൈറസ് പടര്‍ന്നു.
2002-2003 വര്‍ഷത്തില്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 650 പേരുടെ മരണത്തിന് കാരണമായ സാര്‍സ് വൈറസിന് സമാനമായ കൊറോണ വൈറസിന്റെ വകഭേദമാണ് ഇപ്പോള്‍ രോഗം പരത്തുന്നത്.
നിലവില്‍ ചൈനയിലെ 29 പ്രവിശ്യകളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനിയിലെ വുഹാന്‍ നഗരത്തില്‍ നിന്നാണ് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ഇവിടെ തെരുവുകളും കടകളും ഇപ്പോള്‍ വിജനമായി. എന്നാല്‍ ഇവിടുത്തെ പ്രദേശവാസികള്‍ മറ്റിടങ്ങളിലേക്ക് പോകുന്നത് വിലക്കിയിരിക്കുകയാണ്. വുഹാനില്‍ മാത്രം 1.1 കോടി ആളുകളാണ് ഉള്ളത്. ഇവര്‍ക്കാര്‍ക്കും പുറംലോകത്തേക്ക് പോകാന്‍ അനുവാദമില്ല. ഇവിടേക്കുള്ള ഗതാഗത മാര്‍ഗങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു.
സമീപ നഗരമായ ഹുവാങ്ഗാങ്ങില്‍ 45 ലക്ഷം ആളുകളാണ് പുറംലോകവുമായി സമ്പര്‍ക്കം നിഷേധിക്കപ്പെട്ട് കഴിയുന്നത്. ഊജോ, ഹൂബെ എന്നിവിടങ്ങളില്‍ 11 ലക്ഷം ആളുകളും സമ്പര്‍ക്ക വിലക്കിലാണ്.
ജപ്പാന്‍, ഹോങ്കോങ്, മക്കാവു, ദക്ഷിണ കൊറിയ, തായ്‌വാന്‍, തായ്‌ലാന്‍ഡ്, അമേരിക്ക, സിങ്കപ്പുര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന വൈറസ് ഇപ്പോള്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന സ്ഥിതിയിലേക്കെത്തി. ഇതാണ് ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചത്.
Comments