ഭീഷണിപ്പെടുത്തിയും വിലക്കുവാങ്ങിയും മാധ്യമങ്ങളെ നിശ്ശബ്ദരാക്കുന്നു. കൽപറ്റ നാരായണൻ
കൊയിലാണ്ടി : എല്ലാ വിധ വിയോജിപ്പുകളെയും ഭരണകൂടം പ്രോൽസാഹിപ്പിക്കപ്പെടുമ്പോൾ മാത്രമേ ജനാധിപത്യം ശക്തിപ്പെടുകയുള്ളുവെന്നും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും വിലക്കു വാങ്ങിയും നിശ്ശബ്ദമാക്കുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നതെന്നും പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരായണൻ പറഞ്ഞു. മീഡിയാവൺ സംപ്രേഷണ വിലക്കിനെതിരെ കൊയിലാണ്ടി പൗരാവലി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭരണകൂടത്തിൻ്റെ തെറ്റുകൾ തിരുത്തേണ്ട ജുഡീഷ്യറി നമ്മെ അനാഥപ്പെടുത്തുന്ന കാഴ്ചയാണുള്ളതെന്നും ജുഡീഷ്യറി അന്ധമായി പ്രവർത്തിക്കുമ്പോൾ നീതി അപ്രത്യക്ഷമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരാവകാശ സംരക്ഷണ സമിതി പ്രസിഡണ്ട് ശശീന്ദ്രൻ ബപ്പൻകാട് അധ്യക്ഷം വഹിച്ചു. എതിർശബ്ദം ഉയർത്തുന്നവരെ നിശ്ശബ്ദരാക്കുകയും ഭയത്തിൻ്റെ വാൾ തൂക്കിയിടുകയുമാണ് മീഡിയാവൺ സംപ്രേഷണ വിലക്കിലൂടെ ഭരണകൂടം ചെയ്യുന്നതെന്നും, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ തങ്ങളെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും മുഖ്യ പ്രഭാഷണം നടത്തിയ മീഡിയ വൺ സീനിയർ കോ-ഓഡിനേറ്റിങ്ങ് എഡിറ്റർ സ്മൃതി പരുത്തിക്കാട് ചോദിച്ചു.
നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, എം പി ശിവാനന്ദൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ശിവദാസൻ പൊയിൽക്കാവ്, ഇ കെ അജിത്ത്, വി പി ഇബ്രാഹിം കുട്ടി, എൻ വി ബാലകൃഷ്ണൻ, എൻ കെ റഷീദ് ഉമരി , മുജീബ് അലി, റസൽ നന്തി, അൻസാർ കൊല്ലം, ടി ശാക്കിർ, വി പി മുഹമ്മദ് ശരീഫ്, ഡോ: സോമൻ കടലൂർ എന്നിവർ സംസാരിച്ചു.
വി കെ അബ്ദുൽ റഷീദ് സ്വാഗതവും കെ വി അൽത്താസ് നന്ദിയും പറഞ്ഞു.