യു.എ.പി.എ: അലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ജാമ്യമില്ല. ഇവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി തള്ളി. പോലീസ് സമര്‍പ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

 

രണ്ട് പ്രതികളെയും കാണണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇവരുടെ ജാമ്യത്തെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി സമര്‍പ്പിച്ച ഹര്‍ജിയും കോടതിക്ക് മുന്‍പിലെത്തിയിരുന്നു. എന്നാൽ ഈ ഹർജി കോടതി പരിഗണിച്ചില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് വിദ്യാര്‍ഥികളെ മാവോവാദി ലഘുലേഖകള്‍ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്.

 

സി.പി.എം പ്രവര്‍ത്തകര്‍ കൂടിയായ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിന് സി.പി.എമ്മിന്റെ ഉള്ളില്‍ നിന്ന് ഉള്‍പ്പടെ വലിയ വിമര്‍ശനം വന്നിരുന്നു. യു.എ.പി.എ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വാദങ്ങളൊന്നും ഇന്ന് കോടതിയില്‍ ഉണ്ടായില്ല.

 

കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ പ്രതികളുടെ ജാമ്യാപേക്ഷയെ കാര്യമായി എതിര്‍ത്തിരുന്നില്ല. എന്നാല്‍ പോലീസ് സമര്‍പ്പിച്ച ശക്തമായ തെളിവുകളും യു.എ.പി.എ ഒഴിവാക്കാത്തതുമാണ് ജാമ്യം നിഷേധിക്കാന്‍ കാരണമായത്. അതേസമയം പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

 

പ്രതികളുടെ ജാമ്യത്തിനായി ഹൈക്കോടതിയില്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകും. ഇന്ന് വൈകിട്ട് കോടതി അനുവദിച്ച പ്രകാരം പ്രതികളെ കാണുമെന്നും പ്രതിഭാഗം അഭിഭാഷകൻ ദിനേഷ് പറഞ്ഞു.
Comments

COMMENTS

error: Content is protected !!