KERALA
മകൾ വീണത് ചോദിക്കാനെത്തി; യാത്രക്കാരന്റെ കാലുകളിലൂടെ ബസ് കയറിയിറങ്ങി

മീനങ്ങാടി (വയനാട്) ∙ കണ്ടക്ടർ തള്ളിയിട്ടതായി ആരോപിക്കപ്പെടുന്ന യാത്രക്കാരന്റെ കാലുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തുടയെല്ലുകൾ പൊട്ടിയ മീനങ്ങാടി കാര്യമ്പാടി മോർക്കാലായിൽ എം.എം. ജോസഫ് (55) ശസ്ത്രക്രിയയ്ക്കു വിധേയനായി ആശുപത്രിയിലാണ്. കണ്ടക്ടറുടെയും ബസ് നിർത്താതെ പോകാൻ ശ്രമിച്ച ഡ്രൈവറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആർടിഒ അറിയിച്ചു.
വിദ്യാർഥികളെ കയറ്റാതിരിക്കാനുള്ള ബസ് ജീവനക്കാരുടെ ശ്രമമാണു അപകടകാരണമെന്നു നാട്ടുകാർ പറഞ്ഞു. വ്യാഴാഴ്ച മൂന്നേകാലോടെ മീനങ്ങാടിക്കു സമീപം അൻപത്തിനാലിലായിരുന്നു സംഭവം. സ്റ്റോപ്പിൽ താൻ ഇറങ്ങിയെങ്കിലും മകൾ നീതു ഇറങ്ങുംമുൻപേ ബസ് മുന്നോട്ടെടുക്കുകയും നീതു വീഴുകയും ചെയ്തുവെന്ന് ജോസഫ് പറഞ്ഞു. ബസ് നിർത്തിക്കാനായി ഓടിയെത്തി മുൻവാതിലിൽ പിടിച്ചു കയറിയപ്പോൾ കണ്ടക്ടർ തള്ളിമാറ്റുകയായിരുന്നു. മൈസൂരുവിൽ നഴ്സായ നീതുവിന്റെ ഇടതു കൈയ്ക്കു പൊട്ടലുണ്ട്.
അപകടത്തിനു ശേഷവും നിർത്താതെ പോകാൻ ശ്രമിച്ച ‘പരശുറാം’ ബസ് സമീപത്തെ വ്യാപാരികളും നാട്ടുകാരും വിദ്യാർഥികളും ചേർന്നു തടഞ്ഞിട്ടു. ജോസഫിനെയും നീതുവിനെയും കൽപറ്റയിലെ ആശുപത്രിയിലെത്തിച്ചതും ഇവരാണ്. സംഭവത്തിൽ തങ്ങൾക്കു പങ്കില്ലെന്നും സഹായം ചെയ്യാൻ കഴിയില്ലെന്നുമാണ് ബസ് ജീവനക്കാർ ഇന്നലെയും അറിയിച്ചതെന്നു നീതു പറയുന്നു.
മീനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടത്തിയതിന്റെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവർ വിജീഷ്, കണ്ടക്ടർ ലതീഷ് എന്നിവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ജെയിംസ് അറിയിച്ചു. അതേസമയം, യാത്രക്കാരനെ തള്ളിയിട്ടിട്ടില്ലെന്നു ബസ് ഉടമ പി.കെ. ജയപ്രകാശ് പറഞ്ഞു. ഓടുന്ന ബസിലേക്കു ചാടിക്കയറുന്നതിനിടെ പിടിവിട്ടു വീഴുകയായിരുന്നുവെന്നാണു വാദം.
Comments