മങ്കയത്ത് കാട്ടുതീ പടര്‍ന്നു; 15 ഏക്കറോളം കത്തിനശിച്ചു
ബാലുശ്ശേരി: കിനാലൂര്‍ മങ്കയം മലയോര മേഖലകളില്‍ കാട്ടുതീ പടര്‍ന്ന് ഏക്കര്‍ കണക്കിന് ഭൂമി കത്തിനശിച്ചു. പനങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കൈതച്ചാലിനും മങ്കയത്തിനും ഇടയില്‍ എറമ്പറ്റ വളവിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ട ഭൂമിയിലാണ് ശനിയാഴ്ച ഉച്ചയോടെ തീ പടര്‍ന്നത്.
ഉച്ചക്ക് ഒന്നരയോടെയാണ് ഈ ഭാഗത്ത് കുന്നിന് ചരിവില്‍ നിന്ന് തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നരിക്കുനിയില്‍ നിന്നും സ്റ്റേഷന് ഓഫിസര്‍ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സംഘം സ്ഥലത്തെത്തിയെങ്കിലും മലക്ക് മുകളിലേക്ക് വാഹനം എത്താത്തതിനാല്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ ഏറെ താമസം നേരിട്ടു.
നാട്ടുകാരുടെ സഹായത്തോടെ രാത്രി ഏഴുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പത്തോളം കുടുംബങ്ങള്‍ സമീപ പ്രദേശത്തായി താമസിക്കുന്നുണ്ട്. ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാന്‍ നാട്ടുകാര്‍ മുന്‍കൂട്ടി തന്നെ ജാഗ്രത കാണിച്ചിരുന്നു. വേനല്‍ കനക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും എറമ്പറ്റ വളവിനു സമീപ പ്രദേശങ്ങളില്‍ കാട്ടുതീ പടരുകയും ഏക്കര്‍ കണക്കിന് കൃഷി ഭൂമിയും റബ്ബര്‍ മരങ്ങളും കത്തിനശിക്കുകയും ചെയ്തിരുന്നു