ഹയർസെക്കൻഡറി മൂല്യനിർണയം തുടങ്ങി

കോഴിക്കോട് : ലോക്ഡൗണിനിടെ ഹയർ സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പ് തുടങ്ങി. എന്നാൽ, മിക്കയിടങ്ങളിലും അധ്യാപകർ നന്നേ കുറവായിരുന്നു. ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 1434 അധ്യാപകരായിരുന്നു എത്തേണ്ടത്. എന്നാൽ, 550 പേരാണ് വന്നത്.

 

ജില്ലയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒൻപത് ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. ഇതിൽ പരപ്പിൽ എം.എം. സ്‌കൂളിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെത്തുടർന്ന് പുനരധിവസിപ്പിച്ചവരുള്ളതിനാൽ തത്‌കാലം ക്യാമ്പ് നടത്തിയില്ല. മൂന്നുദിവസത്തെ സമയം ജില്ലാഭരണകൂടം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

കക്കൂസുകളും മറ്റും ഉപയോഗിക്കാൻ വേറെ സൗകര്യമില്ല. അതിനാലാണ് ക്യാമ്പ് തുടങ്ങാഞ്ഞത്. എന്നാൽ, സ്കൂളിൽ ഡ്യൂട്ടിയുള്ള ഇവിടത്തെ അധ്യാപകരെത്തി മറ്റ് സൗകര്യങ്ങളെല്ലാം ഒരുക്കി.

 

മാനാഞ്ചിറ ഗവ. മോഡൽ എച്ച്.എസ്.എസിൽ 300 അധ്യാപരായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാൽ, 90 പേരാണ് ഇവിടെയെത്തിയത്. പ്രോവിഡൻസ് ഗേൾസ് എച്ച്.എസ്.എസ്.എസിൽ 45 പേരും(വേണ്ടിയിരുന്നത് 86), മെഡിക്കൽ കോളേജ് കാമ്പസ് ഹയർസെക്കൻഡറി സ്‌കൂളിൽ 40-ഉം(90), കുന്ദമംഗലം എച്ച്.എസ്.എസിൽ 91-ഉം (233), താമരശ്ശേരി ജി.എച്ച്.എസ്.എസിൽ 84-ഉം (188), പയ്യോളി ജി.വി.എച്ച്.എസ്.എസിൽ 61-ഉം (187), പേരാമ്പ്ര എച്ച്.എസ്.എസിൽ 40-ഉം (101), വട്ടോളി നാഷണൽ എച്ച്.എസ്.എസിൽ 77-ഉം (160) അധ്യാപകരാണെത്തിയത്.

 

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിന്റെ ക്യാമ്പ് നടക്കാവ് ഗവ. ഗേൾസ് വി.എച്ച്.എസ്.എസിലായിരുന്നു. 89 അധ്യാപകർ എത്തേണ്ടതിൽ 22 പേരാണ് വന്നത്.

 

കോഴിക്കോട്, വയനാട് ജില്ലകളുടെ മൂല്യനിർണയമാണ് ഇവിടെ നടക്കുന്നത്. 25 ശതമാനം അധ്യാപകർമാത്രമേ എത്തിയിട്ടുള്ളൂവെന്നും 17-നുശേഷം കൂടുതൽപേർ എത്തുമെന്നാണ് കരുതുന്നതെന്നും വൊക്കേഷണൽ ഹയർ സെക്കൻഡറി അധികൃതർ അറിയിച്ചു.

 

ഗതാഗതസൗകര്യമില്ലാത്തതിനാൽ അധ്യാപകർക്ക് തങ്ങളുടെ അടുത്തുള്ള സ്‌കൂളുകളിൽ മൂല്യനിർണയത്തിന് പോകാമെന്ന് അറിയിച്ചിരുന്നു. എങ്കിലും പലർക്കും എത്തിപ്പെടാൻ പറ്റിയില്ല.

 

ലോക്ഡൗണിനിടെ ക്യാമ്പ് നടത്തുന്നത് ഒരുവിഭാഗം അധ്യാപകർക്കിടയിൽ പ്രതിഷേധത്തിനും കാരണമായിരുന്നു. അതേസമയം, കൊറോണ മുൻകരുതലുകളെല്ലാം പാലിച്ചായിരുന്നു മൂല്യനിർണയം. സാധാരണ ക്ലാസ്‌മുറികളിൽ പത്ത് അധ്യാപകർമാത്രമേ ഉണ്ടായുള്ളൂ. കൈകഴുകാനുൾപ്പെടെയുള്ള സൗകര്യവും ഒരുക്കി. രാവിലെ ഒൻപതരമുതൽ നാലരവരെയാണ് മൂല്യനിർണയം.
Comments

COMMENTS

error: Content is protected !!