മഞ്ചേരിയിൽ പത്തു വയസ്സുകാരനായ മകൻ നോക്കിനിൽക്കെ അർധരാത്രി യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി പരാതി
മഞ്ചേരിയിൽ പത്തു വയസ്സുകാരനായ മകൻ നോക്കിനിൽക്കെ അർധരാത്രി യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി പരാതി. മഞ്ചേരി കൂമംകുളം സ്വദേശി അമൃത എന്‍.ജോസാണ് പൊലീസിനെതിരെ ദൃശ്യങ്ങൾ സഹിതമുള്ള പരാതിയുമായി രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തോടെ മഞ്ചേരി-നിലമ്പൂര്‍ റൂട്ടിലാണ് സംഭവം. ഒരു യാത്രയ്ക്കിടെ കടയില്‍ ചായകുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ പോലീസുകാര്‍ അതിക്രമിച്ചുകയറി കാര്‍ പരിശോധിച്ചു. കാരണം ചോദിച്ചപ്പോള്‍ അസഭ്യംപറഞ്ഞു. ഇത് മൊബൈല്‍ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച അനുജന്റെ മൊബൈല്‍ഫോണ്‍ ബലംപ്രയോഗിച്ച് വാങ്ങി.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും മർദനമേറ്റു. പത്തു വയസ്സുകാരനായ കുട്ടിയുണ്ടെന്ന കാര്യം പരിഗണിച്ചേയില്ലെന്നും പരാതിയിൽ പറയുന്നു.
അല്പസമയം കഴിഞ്ഞപ്പോള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം എത്തി. തന്നെയും അനുജന്മാരെയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തന്റെ പത്തുവയസ്സുള്ള മകനെ റോഡില്‍ നിര്‍ത്തിയാണ് തങ്ങളെ കൊണ്ടുപോയതെന്ന് അമൃത ആരോപിച്ചു. പുലര്‍ച്ചെ മൂന്നുമണിവരെ മകനെ കാണാന്‍പോലും അനുവദിച്ചില്ലെന്നും പോലീസുകാര്‍ക്കെതിരേ നടപടിവേണമെന്നും അവര്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും അമൃതയും സഹോദരങ്ങളും പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് മഞ്ചേരി ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി പ്രതികരിച്ചു. നൈറ്റ് പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ക്കണ്ട വാഹനം പരിശോധിക്കാനായാണ് സബ് ഇന്‍സ്‌പെക്ടറും സംഘവും എത്തിയത്. എന്നാല്‍ വാഹനം പരിശോധിക്കാന്‍ എന്ത് അധികാരമാണ് ഉള്ളതെന്ന് ചോദിച്ച് ഇവര്‍ പോലീസിനോട് തട്ടിക്കയറി. പിന്നീട് കൂടുതല്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കുശേഷം പിതാവ് ഇവരെ ജാമ്യത്തിലെടുത്ത് കൊണ്ടുപോയെന്നും പോലീസ് അറിയിച്ചു.