അഭയ കേസിൽ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈ കോടതി നോട്ടീസ്

അഭയ കേസിലെ പ്രതികള്‍ക്കു പരോള്‍ അനുവദിച്ചതിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിനു ഹൈക്കോടതി നോട്ടിസ്. ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് മേയിലാണ് 90 ദിവസത്തെ പരോള്‍ അനുവദിച്ചത്.

മനുഷ്യാവകാശ പ്രവർത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും സിയാദ് റഹ്മാൻ എഎയും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ നടപടി.

സിസ്റ്റർ അഭയ വധക്കേസിൽ, ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും 2020 ഡിസംബർ 23നാണ് പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള ശിക്ഷ വിധിച്ചത്. എന്നാൽ മേയ് 11, 12 തിയതികളിലായി ഇവരെ പരോളിൽ വിടുകയായിരുന്നു.

കോവിഡ് സാഹചര്യത്തിൽ ജയിലുകളിലെ ബാഹുല്യം കുറയ്ക്കുന്നത് സംബന്ധിച്ച് സുപ്രിം കോടതി നിയോഗിച്ച ജയിൽ ഉന്നതാധികാര സമിതിയുടെ ശിപാർശകൾ ചൂണ്ടിക്കാണിച്ചായിരുന്നു പരോൾ അനുമതി.

പരോള്‍ അനുവദിച്ചത് ഉന്നതാധികാര സമിതിയാണെന്ന വിശദീകരണം തെറ്റാണ്. പ്രതികള്‍ക്കു സി.ബി.ഐ കോടതി ശിക്ഷ വിധിച്ച് അഞ്ച് മാസം തികയുന്നതിനു മുന്‍പ് നിയമ വിരുദ്ധമായി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു എന്നുമാണ് ജോമോൻ്റെ ഹര്‍ജിയിലെ ആരോപണം.

ഇതേ പ്രായപരിധിയിലുള്ള എല്ലാവരെയും പരോളിൽ വിട്ടതിൻ്റെ ഭാഗമായാണ് അഭയ കേസിൽ ഉൾപ്പെട്ടവരും പരോൾ നേടിയത് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

Comments
error: Content is protected !!