DISTRICT NEWS

മഞ്ഞുകാലത്തും അടിക്കാട് കത്തുന്നത്, വരാനിരിക്കുന്ന അപകടങ്ങളുടെ സൂചന. ജാഗ്രത വേണമെന്ന് അഗ്നിശമന സേന 

കൊയിലാണ്ടി: മഞ്ഞുകാലം മാറി വെയിൽ ശക്തി പ്രാപിക്കുന്നതിന് മുമ്പു തന്നെ പലയിടങ്ങളിലും അടിക്കാടുകൾക്കും പുൽപ്പടർപ്പുകൾക്കും തീ പിടിക്കുന്നത് ആശങ്കയുണർത്തുന്നു. ഇന്നലെ(ജനു. നാല്) കീഴരിയൂർ മീറോഡ് മലയിലെ മൂന്നര ഏക്കറോളം വരുന്ന തേക്കിൻ തോട്ടത്തിലെ അടിക്കാടിനും പൊയിൽക്കാവ് കടപ്പുറത്തെ പുൽപ്പടർപ്പുകളിലുമാണ് തീ പടർന്നത്. ഫയർഫോഴ്സ് സംഘം രണ്ടിടത്തും എത്തിയെങ്കിലും സ്പോട്ടിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. മീറോട് തേക്കിൻ തോട്ടത്തിലെത്താൻ റോഡുണ്ടായിരുന്നില്ല. ഫയർഫോഴ്സ് സംഘം ജനങ്ങളോടൊപ്പം കുന്ന് കയറി ചുള്ളിക്കമ്പുകൾ ഉപയോഗിച്ച് തീ അടിച്ചു കെടുത്തിയതുകൊണ്ട് വലിയ അപകടം ഒഴിവായി. പൊയിൽക്കാവ് കടപ്പുറത്ത് ഫയർ എഞ്ചിൻ മണലിൽ പുതഞ്ഞു പോയതും പ്രശ്നമായി. ക്രെയിൻ കൊണ്ടുവന്നാണ് ഫയർഫോഴ്സ് വാഹനം പൊക്കിയെടുത്തത്. 


സാധാരണ മഞ്ഞും തണുപ്പും നനവുമൊക്കെയുള്ള ഇക്കാലത്ത് അടിക്കാടിന് തീപിടിക്കാറില്ല. ഇത്തവണ നേരത്തെ തന്നെ തീപ്പിടുത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് അഗ്നിശമനസേനക്ക് ആശങ്കക്ക് കാരണമായിട്ടുണ്ട്. കാലത്ത് മഞ്ഞും നനവുമൊക്കെയുണ്ടെങ്കിലും ബാഷ്പീകരണം വേഗത്തിലാകുന്നതും ഉച്ചവെയിൽ പതിവിലും കൂടുതൽ ചൂട് പിടിക്കുന്നതുമാണ് തീക്ക് കാരണമാകുന്നതെന്ന് അവർ പറയുന്നു. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നാണ് അവരുടെ അഭിപ്രായം. ഇന്നത്തെ നിലയിൽ വേനൽ കനക്കുമ്പോൾ വ്യാപകമായി അടിക്കാടുകൾ കത്തി അപകടങ്ങൾ ഉണ്ടാവാൻ സാദ്ധ്യത കൂടുതലാണ്. ചപ്പുചവറുകൾ മാറ്റാത്തതും അലക്ഷ്യമായി വലിച്ചെറിയുന്നതുമൊക്കെ അപകടം ക്ഷണിച്ചു വരുത്തുകയാണ്.

പലയിടത്തും നാടൻ വാറ്റു സംഘങ്ങൾ, ലഹരി ഉപയോഗിക്കുന്നവർ, മറവിലിരിക്കുന്ന ശീട്ടുകളി സംഘങ്ങൾ ഒക്കെ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളും മറ്റുമാണ് തീ പടരാൻ കാരണമാകുന്നത്. കടലോര മേഖലയിലൊക്കെ തൊട്ടടുത്തടുത്ത് വീടുകളും കെട്ടിടങ്ങളും വ്യാപകമാണ്. അവിടങ്ങളിലേക്ക് തീ പടർന്നാൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകും. വേനൽ കനക്കുന്നതിന് മുമ്പ് തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ മുൻകൂട്ടി സ്വീകരിക്കണമെന്ന് അഗ്നിശമന സേന ചൂണ്ടിക്കാട്ടുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button