ഹരിത ഓഡിറ്റ് :  ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് : പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിച്ച ഡിസ്‌പോസിബിള്‍ ഉല്‍പന്നങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക, കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന പാത്രങ്ങളില്‍ വെള്ളവും ഭക്ഷണവും കൊണ്ടുവരാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക, ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ബിന്നുകളില്‍ നിക്ഷേപിക്കുകയും സംസ്‌കരിക്കുകയും ചെയ്യുക, ഇലക്‌ട്രോണിക് മാലിന്യം, ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യുക, വൃത്തിയായി പരിപാലിക്കുന്ന അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ശുചിമുറി സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുക, ജൈവ പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരിത ഓഫീസ് സാക്ഷ്യപത്രവും ഗ്രേഡും നല്‍കുന്നത്.

ഓഫീസിലെ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കുകയും വേണം. 100 മാര്‍ക്ക് അടങ്ങുന്ന വിലയിരുത്തല്‍ സൂചിക പ്രകാരം 90 മാര്‍ക്കിന് മുകളില്‍ ലഭിച്ചവര്‍ക്ക് എ ഗ്രേഡും 80-89 വരെയുള്ള ബി ഗ്രേഡും 70-79 വരെയുള്ളവര്‍ക്ക് സി ഗ്രേഡുമാണ് ലഭിക്കുക.  ജനുവരി 26 നകം പരിശോധന പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളും ജില്ലാതല ഓഫീസുകളും ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജില്ലാതല ടീം പരിശോധിക്കും.

ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ഏറ്റവും ചുരുങ്ങിയത് 10 ഓഫീസുകളെയും നഗരസഭാ പരിധിയില്‍ ചുരുങ്ങിയത് 20 ഓഫീസുകളേയും കോര്‍പ്പറേഷന്‍ പരിധിയില്‍ ഏറ്റവും ചുരുങ്ങിയത് 100 ഓഫീസുകളെയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളേയും ഹരിത ഓഫീസ് ആക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ പരിശോധനാ ടീമുകള്‍ രൂപീകരിക്കണം.  ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷനുകളുടെ ബ്ലോക്ക്തല ചാര്‍ജ്ജുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാരും  ടീമില്‍ അംഗമാകും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലേയും  ടീം അംഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം  ജനുവരി 7 ന് രാവിലേയും ഉച്ചയ്ക്കുമായും നഗരസഭാ ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം ജനുവരി 8 ന് രാവിലേയും നടത്തും.  ജില്ലാതലത്തില്‍ പരിശോധനയ്ക്കുള്ള ടീമുകള്‍ രൂപീകരിച്ചതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം. സൂര്യ എന്നിവര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!