CALICUTDISTRICT NEWSMAIN HEADLINES

മടക്കി വയ്ക്കാവുന്ന ഹെല്‍മെറ്റുമായി കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍

ഹെല്‍മെറ്റിന്റെ ഉപയോഗം ഇരുചക്ര വാഹന യാത്രികരുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കാനുള്ളതാണ്. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറിയിരിക്കുന്ന മലയാളിക്ക് മൂന്നംഗങ്ങളുള്ള ഒരു കുടുംബം ഇരുചക്രവാഹനത്തില്‍ യാത്രയ്ക്കിറങ്ങുമ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഹെല്‍മെറ്റ് എവിടെ സൂക്ഷിക്കുമെന്ന ആശങ്ക സ്വാഭാവികം. ഇതിന് മറുമരുന്നാകുന്ന രൂപകല്‍പ്പനയുമായി ഇന്ത്യാ സ്‌ക്രില്‍ കേരള വേദിയിലെത്തിയിരിക്കുകയാണ് തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരളാ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ ഉപസ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെഎസ്‌ഐഡി). മൂന്നാക്കി മടക്കി ഉപയോഗിക്കാവുന്ന വിധത്തിലുള്ള
ഹെല്‍മറ്റാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍ വിഭാഗത്തിലെ കുട്ടികള്‍ രൂപരകല്‍പന ചെയതിരിക്കുന്നത.് ഇതിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള ശ്രമം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു കഴിഞ്ഞു. ഫവാസ് കിലിയാനി എന്ന മലപ്പുറംകാരനായ വിദ്യാര്‍ഥിയുടെ മനസിലുദിച്ച ആശയമാണ് രൂപകല്‍പ്പനയായി മാറിയിരിക്കുന്നത്.
ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടയില്‍ ഉപയോഗിക്കാവുന്ന ട്രഫില്‍ എന്ന പേരിട്ടിരിക്കുന്ന മാസ്‌ക്-ഹെല്‍മെറ്റും ഇവര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. മലപ്പുറംകാരനായ നിഖില്‍ ദിനേശാണ് ഇത് തയാറാക്കിയിട്ടുള്ളത്. നിരത്തുകളിലെ പൊടി ശല്യം ഒഴിവാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഈ മാസ്‌ക്-ഹെല്‍മെറ്റ് പുറത്തുനിന്നുള്ള വായുവിനെ ശുദ്ധീകരിച്ച് ശ്വസിക്കാന്‍ സഹായിക്കുന്നു. അകത്തേക്ക് എത്തുന്ന വായുവിനെ ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള ചെറിയ സംവിധാനങ്ങളും മാസ്‌ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. പോലീസ് വാക്കി ടോക്കി കണക്ടറ്റ് ചെയ്യാവുന്ന സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുള്ളതിനാല്‍ ഒരു വൈഫൈ സംവിധാനം പോലെ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും.
ആശുപത്രികളിലെത്തുമ്പോള്‍ ഡോക്ടറെക്കാണാന്‍ കാത്തിരിക്കുന്ന സമയം ലഭിക്കാന്‍ ഹെല്‍ത്ത് പെര്‍ എന്ന പുതിയ സംവിധാനവും കെഎസ്‌ഐഡി വിദ്യാര്‍ഥികള്‍ തയാറാക്കിയിട്ടുണ്ട്. കണ്‍സള്‍ട്ടിംഗ് സമയത്തിനിടെ ബേസിക് ഹെല്‍ത്ത് ചെക്കപ്പുകളായ ബ്ലഡ് പ്രഷര്‍, പള്‍സ് മോണിട്ടറിംഗ്, ശരീര ഭാരം, ഉയരം തുടങ്ങിയവ സ്വയം പരിശോധിക്കാന്‍ കഴിയുന്ന മെഷീന്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. രോഗിക്ക് ഇതില്‍ കയറി പരിശോധനയ്ക്കായി ഇരിക്കുമ്പോള്‍ റിസള്‍ട്ട് അവിടെ സ്ഥാപിച്ചിരിക്കുന്ന ഇ-മോണിട്ടറില്‍ ലഭ്യമാകുന്ന വിധത്തിലാണ് രൂപകല്‍പ്പന.
ട്രൈക്ക് എന്ന പേരില്‍ പ്രോട്ടോ ടൈപ്പ് മുച്ചക്ര ബൈക്കും ഇവിടുത്തെ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശി ജിതിന്‍ ജ്യോത് രൂപപ്പെടുത്തിയിട്ടുണ്ട്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന നിലയിലുമാണ് ഇത് തയാറാക്കുന്നത്. ഇരുചക്ര വാഹനത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മുച്ചക്ര വാഹനമാണ് ഇത് എന്നത് പ്രത്യേകതയുമാണ്.
മലയാളി വിദ്യാര്‍ഥികള്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യര്‍ഥികളാണ് കെഎസ്‌ഐഡി കാമ്പസിന്റെ ജീവ സ്പന്ദനമായിരിക്കുന്നത്.
കെഎസ്‌ഐഡിക്ക് സാങ്കേതിക സഹായം നല്‍കുന്നത് അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ്(എന്‍.ഐ.ഡി). സിലബസും ഫാക്കല്‍ട്ടിയുമെല്ലാം എന്‍.ഐ.ഡി യുടേതാണ്. മൂന്നു തരത്തിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളാണ് കെഎസ്‌ഐഡി നടത്തുന്നത്.
ഇന്റഗ്രേറ്റഡ് ടെക്സ്റ്റയില്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍,ഐ.ടി. ഇന്റഗ്രേറ്റഡ്  കമ്യൂണിക്കേഷന്‍ ഡിസൈന്‍ എന്നിവയാണിത്.
ആശയങ്ങളുടെ വിതാനം എന്ന പേരില്‍ വിതാഷ് 2020 എന്ന മത്സരത്തിന് കളമൊരുക്കുകയാണ് കെഎസ്‌ഐഡിയുടെ അടുത്ത പ്രധാന പദ്ധതി. മുന്‍ വര്‍ഷം കൊല്ലം നഗരത്തിലെ ചുവരുകള്‍ക്ക് ഛായക്കൂട്ടുകള്‍ കൊണ്ട് ചിത്രത്തുന്നലുകള്‍ നടത്തിയ കെഎസ്‌ഐഡി സംഘം ഇക്കുറി വ്യത്യസ്തമായ ആശയമാണ് നടപ്പാക്കുന്നത്. അവസരങ്ങള്‍ ലഭിക്കാതെ പിന്നണിയിലേക്ക് മാറി നില്‍ക്കുന്ന കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ കെഎസ്‌ഐഡി കാമ്പസില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കഴിവുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ഏതു കഴിവും പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്ന നാലു നാള്‍ നീളുന്ന മത്സരമാണ് ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്.
ഡിസൈന്‍ രംഗത്തെ പുതിയ പ്രവണതകള്‍ പഠിപ്പിക്കാനായി  കൊല്ലം ചന്ദനത്തോപ്പില്‍ തുടങ്ങിയ കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഇതേ രംഗത്ത്  സ്വപ്‌നം കാണുന്നതിനുമപ്പുറത്തേക്കുള്ള ചുവടു വയ്പ്പിലാണ്. കൂടുതല്‍ വിവരങ്ങള്‍ 0474-2710393, 2719193 എന്ന നമ്പരിലും www.ksid.ac.in എന്ന വെബ് സൈറ്റിലും ലഭിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button