മണക്കുളങ്ങരയിൽ ഇന്ന് ഉച്ചാൽ ഉത്സവം
പഴയ കുറുമ്പ്രനാട് താലൂക്കിലെ പ്രശസ്ത ക്ഷേത്രോത്സവങ്ങളിലൊന്നായ കുറുവങ്ങാട് മണക്കുളങ്ങരയിൽ ഇന്ന് ഉച്ചാൽ ഉത്സവം. മകരക്കൊയ്ത്തിന് ശേഷം നടക്കുന്ന കാർഷിക ആഘോഷമാണ് ഉച്ചാൽ. മകരമാസത്തിന്റെ അവസാനവും കുംഭ സംക്രമണ ദിവസങ്ങളിലുമായി നടക്കുന്നതാണ് ഉച്ചാൽ ആഘോഷം. മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ഫിബ്രവരി ഒമ്പതോടെ ആരംഭിച്ചതാണെങ്കിലും, ഇന്ന് (ശനി) നടക്കുന്ന ഉച്ചാൽ ഉത്സവമാണ് പ്രധാനം.
വൈകീട്ട് പാഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ നടക്കുന്ന കാഴ്ചശീവേലി പ്രസിദ്ധം. കേരളത്തിലെ പ്രസിദ്ധരായ വാദ്യകലാകാരന്മാരും പ്രശസ്തരായ ആനകളും ശീവേലിക്ക് അണിനിരക്കും. തണ്ടാന്റേയും മററും അവകാശ വരവുകളും അരങ്ങു കുലവരവും ആഘോഷവരവുകളും വൈകീട്ട് ക്ഷേത്ര സന്നിധിയിലെത്തും. സന്ധ്യയോടെ നട്ടത്തിറയോടുകൂടിയ താലപ്പൊലി ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് കോട്ടക്കൽ ഉണ്ണികൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന വിശേഷാൽ തായമ്പക ഉണ്ടാവും. കരിമരുന്ന് പ്രയോഗങ്ങളുമുണ്ടാകും.
നാളെ (ഞായർ) താലപ്പൊലി മഹോത്സവത്തോടെ ആഘോഷങ്ങൾക് പരിസമാപ്തിയാകും. വിവിധ ദേശങ്ങളിൽ നിന്നുള്ള ആഘോഷ വരവുകൾ ക്ഷേത്രാങ്കണത്തെ ഇളക്കിമറിക്കും. നാടൻ കലാരൂപങ്ങളും ആഘോഷച്ചമയങ്ങളും കൊണ്ട് വിസ്മയം തീർക്കുന്നവായാകും ഈ ആഘാഷ വരവുകൾ. സന്ധ്യയോടെ താലപ്പൊലിയോടുകൂടിയ മടക്കെഴുന്നള്ളത്ത് ക്ഷേത്ര സന്നിധിയിൽ പ്രവേശിക്കും. കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ 101 കലാകാരൻമാർ കൊട്ടിക്കയറുന്ന പാണ്ടിമേളം മേളപ്രേമികളുടെ മനം കവരും., കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള നാല് ഗജവീരന്മാരാണ് തിടമ്പേറ്റാൻ അണിനിരക്കുക. തുടർന്ന് കരിമരുന്ന് പ്രയോഗം. മറ്റെന്നാൾ പുലർചെ നടക്കുന്ന കോലം വെട്ടോടെ ഇത്തവണത്തെ ഉത്സവാഘോങ്ങൾ സമാപിക്കും.