ജീവിതം സൈക്കിൾ ചക്രങ്ങൾ പോലെ കറങ്ങിത്തിരിയുമ്പോഴും പരിഭവങ്ങളില്ലാതെ, സൈക്കിളിൽ സ്വന്തം ജീവിതം വരച്ചെടുക്കുകയാണ് ശിവദാസൻ

വിക്ടറി ടാക്കീസും മതിലുകളും അതിരുകളുമില്ലാതെ പരന്നു കിടന്ന മൈതാനവും കൊയിലാണ്ടിയുടെ ഐക്കണായിരുന്നു ഒരു കാലം. മൈതാനത്ത് പന്തുകളിസംഘങ്ങളും വൈകുന്നേരങ്ങളിൽ വെറുതെയിരുന്ന് വെടി പറയാനെത്തുന്നവരും അസ്ഥിത്വദുഃഖം പേറുന്ന ചെറുപ്പക്കാർ, സാധു ബീഡി വലിക്കാനും കവിത ചൊല്ലാനുമൊക്കെയായി കൂട്ടം കൂടുന്നതും ഈ മൈതാനത്തായിരുന്നു. വങ്കണച്ചോട്ടിലെ തെരുവുവേശ്യകൾ ഇരകളെത്തേടി വൈകുന്നേരങ്ങളിൽ മൈതാനത്തേക്കിറങ്ങും. സ്വവർഗ്ഗരതിക്കാർ  ഇരകളായ കുട്ടികളെ സംഘടിപ്പിച്ച് മൈതാനത്തിന്റെ ഇരുണ്ട മൂലകളിൽ ചെന്നിരിക്കും. വിക്ടറി ടാക്കീസിൽ നിന്ന് “ജ്ഞാനപ്പഴത്തെപ്പിളുന്ത സാമിയാരാ …..” എന്ന പതിവു കീർത്തനമുയരുമ്പോൾ അവരൊക്കെ ടാക്കീസിലോട്ട് നടന്നു പോകും.

– എൻ വി ബാലകൃഷ്ണൻ

അന്താരാഷ്ട്ര സൈക്കിൾ ദിനം


അതിവേഗമോ അതിമോഹമോ ഒന്നുമില്ലാതെ ഇപ്പോഴും തന്റെ സൈക്കിൾ ഷാപ്പിലിരുന്ന് സൈക്കിളുകളുടെ കേടുപാടുകൾ തീർക്കുകയാണ് കോതമംഗലത്തെ കുന്നത്ത് പറമ്പത്ത് ശിവദാസൻ. സൈക്കിളുകളുടെ കറക്കം പോലെ തന്നെയാണ് ശിവദാസേട്ടന്റെ ജീവിതവും. വട്ടത്തിൽ കറങ്ങി നീളത്തിൽ പായുകയാണത്. അറുപത്തി ഒമ്പതാമത്തെ വയസ്സിൽ തിരിഞ്ഞു നോക്കുമ്പോഴും നിരാശയൊന്നുമില്ല. കാരണം ആ മനസ്സിൽ അതിമോഹങ്ങളും അതിവേഗങ്ങളും അഹന്തയുമൊന്നും ഒരു കാലത്തും കൂടുവെച്ചിരുന്നില്ല. ആത്മാഭിമാനത്തോടെ ഉള്ളത്കൊണ്ട് ഓണം പോലെ ജീവിക്കണം. അത്രതന്നെ. തന്റെ ചുറ്റിലുമായി ചിതറിക്കിടക്കുന്ന സൈക്കിൾ റിമ്മുകളും ടയറുകളും ഹാന്റിലുകളും ഫ്രീവീലുകളും ഒക്കെ നിറഞ്ഞ ഒരു ലോകത്ത് നിരാശയേതുമില്ലാതെ ശിവദാസൻ ജീവിക്കുന്നു. പതിനാറോ പതിനേഴോ വയസ്സുള്ളപ്പോഴേ അവനവന്റെ അപ്പത്തിനായി തൊഴിൽ തേടിയിറങ്ങിയതാണ്. ജീവിക്കാനുള്ള വക തന്നത് അന്ന് പെട്ടിക്കടകളിലെ സഹായപ്പണികളായിരുന്നു. അങ്ങിനെയാണ് വിക്ടറി ടാക്കീസ് പരിസരത്ത് പെട്ടിക്കട നടത്താൻ തുടങ്ങിയത്. 

വിക്ടറി ടാക്കീസും മതിലുകളും അതിരുകളുമില്ലാതെ പരന്നു കിടന്ന മൈതാനവും കൊയിലാണ്ടിയുടെ ഐക്കണായിരുന്നു ഒരു കാലം. മൈതാനത്ത് പന്തുകളിസംഘങ്ങളും വൈകുന്നേരങ്ങളിൽ വെറുതെയിരുന്ന് വെടി പറയാനെത്തുന്നവരും അസ്ഥിത്വദുഃഖം പേറുന്ന ചെറുപ്പക്കാർ, സാധു ബീഡി വലിക്കാനും കവിത ചൊല്ലാനുമൊക്കെയായി കൂട്ടം കൂടുന്നതും ഈ മൈതാനത്തായിരുന്നു. വങ്കണച്ചോട്ടിലെ തെരുവുവേശ്യകൾ ഇരകളെത്തേടി വൈകുന്നേരങ്ങളിൽ മൈതാനത്തേക്കിറങ്ങും. സ്വവർഗ്ഗരതിക്കാർ  ഇരകളായ കുട്ടികളെ സംഘടിപ്പിച്ച് മൈതാനത്തിന്റെ ഇരുണ്ട മൂലകളിൽ ചെന്നിരിക്കും. വിക്ടറി ടാക്കീസിൽ നിന്ന് “ജ്ഞാനപ്പഴത്തെപ്പിളുന്ത സാമിയാരാ …..” എന്ന പതിവു കീർത്തനമുയരുമ്പോൾ അവരൊക്കെ ടാക്കീസിലോട്ട് നടന്നു പോകും. അതിനിടയിൽ ബീഡിയും മുറുക്കാനും നാടൻ പലഹാരങ്ങളുമൊക്കെ വാങ്ങും. അന്നും പ്രധാന ഗുണഭോക്താക്കൾ ബോയ്സ് സ്കൂളിലെ കുട്ടികൾ തന്നെ. നിലക്കടലയും പൊട്ടുകടലയും ഐസ് ഉരച്ച് സർബ്ബത്ത് ചേർത്ത ഫ്ലാഷും, പഴം കുത്തിയിടിച്ച,  ഫ്ലാഷുമൊക്കെയായിരുന്നു അന്നത്തെ കുട്ടികളുടെ ഇഷ്ടവിഭവങ്ങൾ. അന്നും മെക്കാനിക്ക് പണികളും ചിത്രരചനയും വലിയ ആഗ്രഹങ്ങളായി മനസ്സിൽ ഉറങ്ങിക്കിടന്നിരുന്നു. അങ്ങിനെയാണ് മോട്ടോർ മെക്കാനിക്ക് ഷാപ്പിൽ കുറച്ചുകാലം ജോലിക്ക് നിന്നത്. പണി പഠിക്കാമെന്നല്ലാതെ കൂലിയൊന്നും കിട്ടില്ല. റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു സൈക്കിൾ ഷാപ്പിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ടു പോന്നു.

കഴിഞ്ഞ 40 വർഷത്തിലധികമായി കാൽ വണ്ടികളുടേയും അരവണ്ടികളുടേയും മുക്കാൽ വണ്ടികളുടേയും ഒക്കെ ലോകത്താണ് ശിവദാസൻ ജീവിച്ചത്. ഇപ്പോൾ സൈക്കിളേയുള്ളൂ. അരയും മുക്കാലുമൊന്നുമില്ല. ബോയ്സ് ഹൈസ്കൂളിലെ കുട്ടികൾക്ക് സൈക്കിൾ വാടകക്ക് കൊടുക്കലും അവ റിപ്പെയർ ചെയ്യലുമാണ് തൊഴിൽ. കുട്ടികളോട് നക്കാപ്പിച്ചയാണ് വാടകയായി കിട്ടുക. ചില വിരുതന്മാർ അത് പോലും തരാതെ മുങ്ങും. ചുരുങ്ങിയ കാലം കൊണ്ട് വണ്ടിയുടെ പരിപ്പിളകും. അവ റിപ്പയർ ചെയ്ത് കണ്ടീഷനാക്കും. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് പുതിയ സൈക്കിളുകൾ ഇറക്കും. എങ്കിലേ കുട്ടികളെ ആകർഷിക്കാൻ കഴിയൂ. മുതിർന്നവരും അന്ന് കിലോമീറ്ററുകൾക്കപ്പുറത്തുള്ള സ്ഥലങ്ങളിലൊക്കെപ്പോകാൻ സൈക്കിൾ വാടകക്കെടുക്കും. കച്ചവടക്കാർ ദിവസ വാടകക്കും മാസവാടകക്കുമൊക്കെ സൈക്കിൾ വാടകക്കെടുക്കും. എ ടി കണാരൻ, ജനതാ കായറ്റിക്ക, (ജേസീസ്) ജയഭാരത്, പ്രസീത എന്നിവയൊക്കെയായിരുന്നു കൊയിലാണ്ടിയിലെ അന്നത്തെ പ്രമുഖ സൈക്കിൾ ഷാപ്പുകൾ.

കാലം കടന്നുപോയപ്പോൾ നഗരത്തിൽ പതിയെ ഓട്ടോ റിക്ഷകൾ ഓടാൻ തുടങ്ങി. പ്രമാണികൾ മാത്രം ഉപയോഗിച്ചിരുന്ന എസ്‌ഡി ബൈക്കുകൾക്കും ബുള്ളറ്റുകൾക്കും പകരം ഇടത്തരക്കാർ ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളുകൾ പ്രചാരത്തിലായി. അതോടെ സൈക്കിൾ, മത്സ്യ കച്ചവടക്കാരുടേയും പത്ര വിതരണക്കാരുടേയുമൊക്കെ വാഹനമായി ചുരുങ്ങി. പിന്നീടതും ബൈക്കുകളിലായി. കുട്ടികൾക്ക് വാടകക്ക് സൈക്കിൾ വേണ്ടാതായി. അച്ഛനമ്മമാർ എത്ര പാവപ്പെട്ടവരാണെങ്കിലും, സ്വന്തം മക്കൾക്ക് എങ്ങിനെയെങ്കിലും ഒരു സൈക്കിൾ വാങ്ങിക്കൊടുക്കുന്നത് നാട്ടുനടപ്പായി. വലിയവർ സൈക്കിൾ തിരിഞ്ഞു നോക്കാതായി. അതിനിടയിൽ ശിവദാസന്റെ ജീവിതവും കറങ്ങിത്തിരിഞ്ഞ് മുന്നോട്ടു പോയി. വിവാഹവും രണ്ട് പെൺകുട്ടികളുടെ ജനനവും അവരെ പഠിപ്പിക്കലും വിവാഹം കഴിച്ചയക്കലുമൊക്കെ മുറപോലെ നടന്നു. സൈക്കിൾ വാടകക്ക് കൊടുക്കലൊക്കെ നിലച്ചെങ്കിലും റിപ്പയറിംഗ് ശിവദാസൻ ഉപേക്ഷിച്ചില്ല. ഹെർക്കുലിസും ഹീറോയും ഏ-വണ്ണും റയ്‌ലിയും ഒക്കെ റിപ്പയർ ചെയ്യും. ഇപ്പോൾ ആധുനിക ടെക്നോളജിയുള്ള പലതരം സാങ്കേതിക വിദ്യകളും ഗീറുകളുമൊക്കെയുള്ള സൈക്കിളുകളുമുണ്ട്. പക്ഷേ അവയിലൂടെ തന്റെ സ്പാനറുകൾ ഓടിയാൽ, ഒന്നു തലകൊടുത്താൽ ഏത്‌ സൈക്കിളും റിപ്പയർ ചെയ്യാം എന്ന ആത്മവിശ്വാസം ശിവദാസനുണ്ട്. ഇടക്കൊക്കെ വരുന്ന വിദേശ സൈക്കിളുകളും കേടുപാടുകളുമായി വന്നാൽ ശിവദാസൻ ഒരു കൈ നോക്കും. മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞ് അറുപത്തിയൊമ്പതിലെത്തിയപ്പോഴും തന്റെ സ്വതസിദ്ധമായ പതിഞ്ഞ താളത്തിൽ ജീവിതത്തിന് കുറുകെ ആരോടും പരിഭവങ്ങളില്ലാതെ അദ്ദേഹം തന്റെ സൈക്കിളിൽ സഞ്ചരിക്കുന്നു. 

ജീവിതം മൊട്ടിട്ടു തുടങ്ങിയ കാലത്ത് മനസ്സിൽ പതിഞ്ഞ വർണ്ണങ്ങളും ദൃശ്യങ്ങളും ആശയങ്ങളും ക്യാൻവാസിൽ പകർത്തണമെന്ന ആഗ്രഹം ആരോടെങ്കിലും തുറന്നു പറയാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ജീവിതത്തിന്റെ ഇടവേളകളിൽ ശിവദാസൻ ബ്രഷും ചായവും കയ്യിലെടുക്കുന്നു. ചിത്രകല ശാസ്ത്രീയമായി പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും മനോഹരമായ ചിത്രങ്ങൾ പിറവിയെടുക്കുന്നു. അവ തന്റെ സൈക്കിൾ ഷാപ്പിലെ അലമാരകളിൽ, ചിതറിക്കുന്ന സ്പെയർ പാർട്ടുകൾക്കും ഓയിലിനുമിടയിൽ അവിടെയും ഇവിടേയുമായി കിടക്കുന്നുണ്ട്. “ഇതൊക്കെ മനോഹരമായ ചിത്രങ്ങളാണല്ലോ ശിവദാസേട്ടാ” എന്ന് പറഞ്ഞപ്പോൾ ആ മുഖത്ത് സന്തോഷം നിറയുന്നത്, ഒരു മന്ദഹാസം വിരിയുന്നത് തികഞ്ഞ ആഹ്‌ളാദാദരങ്ങളോടെ ഞാൻ കണ്ടു.

തൊട്ടടുത്ത ശ്രദ്ധ ആർട് ഗ്യാലറിയിൽ പല ചിത്രകാരന്മാരുമായും പ്രദർശനങ്ങൾ നടക്കുമ്പോൾ ചിത്രങ്ങളെ സസൂഷ്മം കണ്ടു നിൽക്കുന്ന ശിവദാസേട്ടനെ കണ്ടിട്ടുണ്ട്. നമുക്കിവിടെ ഒരു പ്രദർശനം നടത്തണമെന്ന് പറഞ്ഞപ്പോൾ പത്തോളം ചിത്രങ്ങൾ വരച്ചത് കയ്യിലുണ്ട്. ഇനിയും കുറച്ചെണ്ണം വരക്കാം. എന്നായിരുന്നു മറുപടി. തനിക്കുമത് കഴിയും എന്ന ആത്മവിശ്വാസം ആ മുഖത്തുണ്ടായിരുന്നു. 

അന്താരാഷ്ട സൈക്കിൾ ദിനത്തിൽ അദ്ദേഹം പറയുന്നു. ആരും ഈ സൈക്കിളിനെ കൈവിടരുത്. അന്തരീക്ഷത്തിൽ വിഷം നിറക്കുന്ന ഈ മോട്ടോർ വാഹനങ്ങൾ പരമാവധി കുറച്ച്, അത്യാവശ്യ യാത്രകൾക്കൊക്കെ സൈക്കിൾ ഉപയോഗിച്ചാൽ അതെത്ര നല്ലതായിരിക്കും; നാടിനും നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും. ഞങ്ങളൊക്കെ ഇങ്ങനെയങ്ങ് പോകും. അപ്പോഴും നമ്മുടെ മക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കേണ്ടേ?

Comments

COMMENTS

error: Content is protected !!