മണല്‍ നിറങ്ങളെ വര്‍ണ്ണചിത്രങ്ങളാക്കുന്നു
കൊയിലാണ്ടി: മണല്‍ നിറങ്ങളില്‍ മങ്ങി നില്‍ക്കുന്ന പ്രകൃതിയില്‍ പൊടിയും കരിയും പുരണ്ട് ഇരുണ്ടു പോയ ജീവിതങ്ങള്‍ വര്‍ണ്ണാഭമായ ഒരു കാല്പനിക ലോകത്തെ സ്വപ്നം കാണുന്നതിനെ കാന്‍വാസിലേക്ക് ആവിഷ്‌കരിക്കയാണ് പ്രശസ്ത ചിത്രകാരന്‍ സായിപ്രസാദ് ചിത്രകൂടം.
സായിയുടെ സോളോ എക്‌സിബിഷന്‍ ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ പത്ത് ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചിത്രകലയെ സ്‌നേഹിക്കുന്ന ധാരാളം പേര്‍ കാണാനെത്തുന്നു. മനുഷ്യനിര്‍മ്മിതമായ വസ്തുക്കളുടെ കൂടെ പക്ഷികളേയും മൃഗങ്ങളേയും മനുഷ്യരേയും ഇടകലര്‍ത്തി ഗാഢ വര്‍ണ്ണങ്ങളാല്‍ തീര്‍ക്കുന്ന കോമ്പോസെഷന്‍ പെയിന്റിംഗുകളാണ് സായിയുടെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നേര്‍രേഖയില്‍ കാണുന്ന കാഴ്ചകള്‍ക്കപ്പുറം പ്രപഞ്ചത്തിന്റെയും, മനുഷ്യബോധത്തിന്റെയും വളവു തിരിവുകളില്‍ പ്രതിബിംബിക്കുന്ന, നിരാലംബരായ മനുഷ്യര്‍ കാണുന്നതോ, സ്വപ്നം കാണുന്നതോ ആയ വര്‍ണ്ണപ്പൊലിമകളാണ് ഈ ചിത്രങ്ങളിലാകെ നിറയുന്നത്. കോവിഡ് – ലോക്ക്ഡൗണ്‍ കാലത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഓണ്‍ലൈന്‍ പ്രദര്‍ശനങ്ങളും, കുട്ടികളുടെ ചിത്രപ്രദര്‍ശനങ്ങളും കൊണ്ട് ശ്രദ്ധേയനായ സായിപ്രസാദ് ചിത്രകലാ രംഗത്ത് കലാരത്‌ന അവാര്‍ഡ് ഉള്‍പ്പെടെ ഒരു പാട് അംഗീകാരങ്ങള്‍ നേടിയെടുത്ത വ്യക്തി കൂടിയാണ്. മാര്‍ച്ച് പത്ത് വരെ ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം തുടരും. ഇതിനിടയില്‍ ചിത്രകാരന്മാരും സാഹിത്യകാരന്മാരും തമ്മിലുള്ള സര്‍ഗ്ഗസംവാദം പോലുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.