കാർഗിൽ യുദ്ധസ്മരണകൾക്കും എത്രയോ പിന്നോട്ട്, ഇന്ത്യാ പാക് യുദ്ധകാലത്തെ സൈനിക സേവനത്തിന്റെ സ്മരണകളുമായി ക്യാപ്റ്റൻ ഡോ. ഗോപിനാഥൻ എന്ന കൊയിലാണ്ടിയുടെ ജനകീയ ഡോക്ടർ

കൊയിലാണ്ടിക്കാർ കാണുന്ന പല സുകൃത കാഴ്ചകളുണ്ട്. അതിലൊന്ന് പറയട്ടെ, ആഡംബരമൊട്ടുമില്ലാതെ വൃത്തിയിൽ വസ്ത്രധാരണം ചെയ്ത ദമ്പതിമാർ കയ്യിൽ കരുതിയ ഒരു സഞ്ചിയുമായി, പരസ്പരം സന്തോഷത്തോടെ വർത്തമാനങ്ങൾ പറഞ്ഞും വഴിയിൽ കാണുന്ന മിക്കവാറും പേരെ ചിരി കൊണ്ടും കൈയ്യുയർത്തിയും അഭിവാദ്യം ചെയ്തും അങ്ങാടിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടക്കും. കൊരയങ്ങാട് തെരുവിലെ കലാക്ഷേത്രത്തിൽ ചെല്ലും. കുട്ടികളുടെ പാട്ടിനും നൃത്തത്തിനുമൊക്കെ കൂടെകൂടും. മത്സ്യമാർക്കറ്റിൽ ചെന്ന് മീൻ വാങ്ങും. അങ്ങാടിയിലെ കടകളിൽ ചെന്ന് ചില്ല്വാനങ്ങളൊക്കെ വാങ്ങി, ചിരിച്ചും കഥ പറഞ്ഞും, ഇക്കണ്ട വഴിയൊക്കെ തിരിച്ച് നടന്ന് റെയിൽവേസ്റ്റേഷൻ പരിസരത്തെ വീട്ടിലെത്തും. ശിശുരോഗ വിദഗ്ദ്ധനായ ഡോക്ടർ ഗോപിനാഥനും ഭാര്യ പത്മജയും. കൊയിലാണ്ടിക്കാർക്ക് ഇത് നിത്യേനയുള്ള ഒരു സുകൃതകാഴ്ചയാണ്. വഴിയിൽ ഓട്ടോ-ടാക്സി ഡ്രൈവർമാരും, മീൻ കച്ചവടക്കാരും വ്യാപാരികളും തുടങ്ങി പുല്ലും തുരുമ്പും വരെ ഡോക്ടറേയും ഭാര്യയേയും അഭിവാദ്യം ചെയ്യും.

കുഞ്ഞുങ്ങളുടേയും രക്ഷിതാക്കളുടേയും പ്രിയപ്പെട്ട ജനകീയ ഡോക്ടറാണ് ഡോ. ഗോപിനാഥൻ. ഇദ്ദേഹത്തിന്റെ തുള്ളിമരുന്നുകളും സിറപ്പുകളുമൊക്കെ കുടിച്ചു വളരാത്തവർ കൊയിലാണ്ടിയിൽ വിരളം. ഇന്ന് അൻപത് വയസ്സിന് താഴെയുള്ളവരെല്ലാം, ആണായാലും പെണ്ണായാലും ഡോക്ടറുടെ മധുരമുള്ള മരുന്നും വാത്സല്ല്യവും അനുഭവിച്ച് വളർന്നവരായിരിക്കും. അവർ ഇന്നും ഡോക്ടർ ഗോപിനാഥിനെ തന്നെ തേടിയെത്തുന്നു. തങ്ങളുടെ കുട്ടികളുമായി. പ്രായമൊക്കെയുണ്ടെങ്കിലും ഡോക്ടർ ഈ കുഞ്ഞുങ്ങളെയൊക്കെ ലാളിച്ച് അവർക്ക് മരുന്ന് കുറിച്ചു നൽകി സന്തോഷത്തോടെ തിരിച്ചയക്കുന്നു. പാവങ്ങളാണെന്ന് തോന്നിയാൽ ഫീസു വാങ്ങില്ല. സേമ്പിൾ മരുന്നുകളിൽ പരതി സിറപ്പുകളും ഗുളികകളുമൊക്കെ എടുത്തു നൽകും. ചില പുത്തൻ കൂറ്റുകാർക്ക് ഡോക്ടറുടെ കുറിപ്പടി അത്രക്കങ്ങ് ബോധിക്കാറില്ല. കാരണമുണ്ട്. പുതിയ കാലത്തെ പല ഡോക്ടർമാരേയും പോലെ ഒരു പാട് മരുന്നുകളൊന്നും ഡോ. ഗോപിനാഥ് കുറിച്ചു നൽകില്ല. അത്യാവശ്യമുള്ള മരുന്നു മാത്രം കുഞ്ഞു കടലാസിൽ, കുഞ്ഞ് അക്ഷരങ്ങളിൽ കുറിച്ചു നൽകും. ഒന്നിനും വലിയ വിലയൊന്നും കാണില്ല. രോഗം മാറാൻ അത് ധാരാളം മതിയാകും. പക്ഷേ ചികിത്സ സമ്പൂർണ്ണമായി കച്ചവടമായി മാറിയ പുതിയ കാലത്ത് തന്നെ വന്ന് കാണുന്ന മെഡിക്കൽ റെപ്പുമാരാണല്ലോ എന്തൊക്കെ മരുന്നു കൊടുക്കണം, എത്ര കൊടുക്കണം എന്നൊക്കെ നിശ്ചയിക്കുന്നത്. ഗോപിനാഥൻ ഡോക്ടർക്ക് പക്ഷേ ഇതൊന്നും ബാധകമല്ല. തന്റെ മുമ്പിലെത്തുന്ന ഓരോ കുഞ്ഞിനും ആവശ്യം വേണ്ട മരുന്നു മാത്രമേ ഡോക്ടർ കുറിക്കൂ. തന്റെ കുഞ്ഞിന് ഒരുപാട് മരുന്നും പത്രാസുള്ള കുപ്പികളുമൊക്കെ വേണം എന്നാഗ്രഹിക്കുന്നവർക്ക് ഗോപിനാഥൻ ഡോക്ടർ മരുന്നെഴുതുന്ന കാര്യത്തിൽ പിശുക്കുള്ളയാളാണ്.

ഓർമ്മയിലെ ഒരു സംഭവം പറയട്ടെ. മെലിഞ്ഞുണങ്ങി തളർന്നു പോയ ഒരു കുഞ്ഞിനേയും ഒക്കെത്തെടുത്ത് അവശയായ ഒരമ്മ ഡോക്ടറുടെ പരിശോധനാമുറിയിൽ കടന്നുവരുന്നു. പോഷകാഹാരക്കുറവാണ് കുട്ടിയുടെ എല്ലാ രോഗങ്ങൾക്കും കാരണമെന്ന് മനസ്സിലായ ഡോക്ടർ, കുഞ്ഞിന് നന്നായി ഭക്ഷണം കൊടുക്കണം എന്നാവശ്യപ്പെട്ട് കുറച്ച് പണമെടുത്ത് അമ്മക്ക് നൽകി. പ്രോട്ടീൻ പൗഡറുകളും വിറ്റാമിൻ സിറപ്പുകളുമൊക്കെ പെറുക്കിയെടുത്തു നൽകി. അപ്പോൾ ആ അമ്മ ഒരു ഒഴിഞ്ഞ ഡപ്പ എടുത്ത് ഡോക്ടർക്ക് നേരെ നീട്ടി. ഈ മരുന്ന് വാങ്ങിക്കൊടുക്കണം എന്ന് പറഞ്ഞ്, മറ്റൊരു ഡോക്ടർ കുറിച്ചു കൊടുത്തത് ആംവേയുടെ പ്രോട്ടീൻ പൗഡറായിരുന്നു. ഇത് വാങ്ങിക്കൊടുത്തത്, കടം വാങ്ങിയ പണം കൊണ്ടാണെന്നും ഇനിയും വാങ്ങി നൽകാൻ കാശില്ലെന്നും പറയുമ്പോൾ അമ്മയുടെ കവിളിലൂടെ കണ്ണീർ ചാലുകൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തത് കൊണ്ട് പട്ടിണിയിലായി പോഷകാഹാരക്കുറവ് ബാധിച്ച ഒരു കുഞ്ഞിന്, തികച്ചും അനാവശ്യമായ വമ്പൻ വില നൽകേണ്ട, ആംവേയുടെ പ്രോട്ടീൻ പൗഡർ മരുന്നായി കുറിച്ചു നൽകിയ ഡോക്ടറെക്കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്കൂ. ആംവേയുടെ പ്രോട്ടീൻ പൗഡർ വാങ്ങാൻ ചിലവഴിച്ച പണം കൊണ്ട് ആ കുടുംബത്തിന് ഒരാഴ്ചത്തെ റേഷനും ചില്ല്വാനങ്ങളും വാങ്ങാൻ കഴിയുമായിരുന്നു. രണ്ട് നേരം ഭക്ഷണം കിട്ടിയിരുന്നെങ്കിൽ ആ കുഞ്ഞിനും അമ്മക്കും എല്ലാ അസുഖങ്ങളും ഭേദമാകുമായിരുന്നു. അതിന് പകരം സോയാബീൻ പൗഡറും പഞ്ചസാരയും മാത്രം ചേർത്തുണ്ടാക്കുന്ന ഒരു ബഹുരാഷ്ട്ര കുത്തകയുടെ അനാവശ്യമായ ഉല്പന്നം എഴുതി നൽകുന്ന ഡോക്ടർമാരും നമ്മുടെ സമൂഹത്തിലുള്ളതാണ്. അവർക്കിടയിലാണ് ഡോ.ഗോപിനാഥൻ വ്യത്യസ്തനാകുന്നത്.

തളിപ്പറമ്പിൽ നിന്ന് കൊയിലാണ്ടിയുടെ ദത്തുപുത്രനായി വന്ന്, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് വിരമിച്ച്, കൊയിലാണ്ടി സഹകരണ ആശുപത്രി സ്ഥാപിക്കാൻ ഓടി നടന്ന്, ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണദ്ദേഹം. അപ്പോഴും തന്നെത്തന്നെ തേടിയെത്തുന്ന കുഞ്ഞുങ്ങളേയും രക്ഷിതാക്കളേയും അദ്ദേഹം നിരാശനാക്കുന്നില്ല. അവർക്ക് തുണ്ടു കടലാസിൽ കുഞ്ഞ് അക്ഷരങ്ങളിൽ ആവശ്യം വേണ്ട മരുന്നുകൾ മാത്രം കുറിച്ചു നൽകുന്നു. ഒരു ജനകീയ ഡോക്ടറായി ജനങ്ങൾക്കിടയിൽ ജീവിക്കുന്നു. കവിയരങ്ങുകളും നാടൻപാട്ടുകളും ഗാനമേളകളും നൃത്തവേദികളിലും നാടക കൊട്ടകളിലുമൊക്കെ സജീവ ആസ്വാദകനും സംഘാടകനുമായി ഈ ഡോക്ടറുണ്ടാവും.

പക്ഷേ ഇന്ന് കാർഗിൽ ദിനത്തിൽ നാം നിർബന്ധമായും ഓർത്തിരിക്കേണ്ട മറ്റൊരു ഗോപിനാഥനുണ്ട്. ഇന്ത്യൻ സൈന്യത്തിൽ ജോലിയെടുത്ത, ക്യാപ്റ്റൻ ഡോ. ഗോപിനാഥൻ. ഒരു പക്ഷേ കൊയിലാണ്ടിയിലെ പൗരാവലി വേണ്ട പോലെ അറിഞ്ഞു കാണണമെന്നില്ല അത്തരം ഒരു പട്ടാളക്കാരനെ. ആ പഴയ ഓർമ്മകൾക്ക് തിളക്കം കൂട്ടാനാണ് കാശ്മീരിലെ ഗുൽമാർഗ് സൈനിക മേഖലയിൽ ഡോക്ടറും കുടുംബവും വീണ്ടുമെത്തിയത്. അമ്പത് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ഈ യാത്ര, പൊതുവേ യാത്രാപ്രിയനായ ഡോക്ടറെ കൂടുതൽ ഊർജ്വസ്വലനാക്കിയിരിക്കുന്നു. ഒരുകാലത്ത് തന്റെ പട്ടാള ബൂട്ടുകൾ പതിഞ്ഞ മഞ്ഞ് മലകളിൽ അദ്ദേഹം വീണ്ടുമെത്തിയപ്പോൾ, ജനകീയ ഡോക്ടറുടെ മനസ്സ് യൗവ്വനം വീണ്ടെടുത്ത് പുറകോട്ട് സഞ്ചരിക്കുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു. ശത്രുരാജ്യത്തിനെതിരെ പൊരുതി വീണ സഹസൈനികരുടെ ദീർഘനിശ്വാസം തങ്ങി നിൽക്കുന്ന മഞ്ഞുമലകൾ ഒരിക്കൽ കൂടി കാണാനവസരം കിട്ടിയതിൽ ഡോക്ടർ അഭിമാനിക്കുന്നു. യുദ്ധകാലത്തിന്റെ ചൂരും ചൂടുമുള്ള ഒരുപാട് ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. 1971 ൽ ഇന്ത്യ-പാക് യുദ്ധത്തിന്റെ തുടക്കം. ലക്നൗവിലെ കമാന്റ് ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസറായി സേവനം തുടങ്ങിയിട്ട് അപ്പോൾ ചുരുങ്ങിയ മാസങ്ങളേ ആയിരുന്നുള്ളൂ. അപ്രതീക്ഷിതമായാണ് സൈനിക സന്ദേശം വന്നത്. ഗുൽമാർഗിലെ സെക്കന്റ് ഗാർഡ് ബറ്റാലിയന് കീഴിൽ താൻ ഉൾപ്പെട്ട കമ്പനിയെ ഉറിയിലെ ഫീൽഡ് ഏരിയായിലേക്ക് നിയോഗിച്ചിരിക്കുന്നു. ഉടനെ റിപ്പോർട്ട് ചെയ്യണം. നിശ്ചിത സമയത്തിനുള്ളിൽ മെഡിക്കൽ സാമഗ്രികളുമായി സഹസൈനികരോടൊപ്പം ഫീൽഡിലെ ലക്ഷ്യസ്ഥാനത്തെത്തി. പാക്കിസ്ഥാന്റെ അധീനതയിലുള്ള ഒരു മലമടക്ക് പിടിച്ചെടുക്കാനുള്ള നീക്കമായിരുന്നു അപ്പോൾ നടന്നിരുന്നത്. പന്ത്രണ്ടായിരം അടി ഉയരത്തിലുള്ള മലമടക്കുകൾക്കിടയിൽ ഇന്ത്യൻ സൈനികർ അപ്പോഴും പൊരുതിക്കൊണ്ടിരുന്നു. ബോംമ്പുകൾ പൊട്ടിയുയരുന്ന തീഗോളങ്ങൾ ആകാശങ്ങളെ വിഴുങ്ങുന്നു. മഞ്ഞു മലകളെ കറുത്ത കരിമ്പടം പോലെ പുക വിഴുങ്ങുന്നു. താഴ്വാരത്ത് ക്യാമ്പ് ചെയ്തു കൊണ്ടിരുന്ന ഡോക്ടറുുടെ മെഡിക്കൽ സംഘത്തിന് ഇതെല്ലാം കാണാമായിരുന്നു. മുറിവേറ്റ് പിടയുന്ന ജവാന്മാരെയും വഹിച്ച് ഒരുപാട് സംഘങ്ങൾ ക്യാമ്പിലേക്ക് എത്തിക്കൊണ്ടിരുന്നു. വേദനയിൽ പുളയുന്ന ജവാന്മാരുടെ നിലവിളികളും അത്യുഗ്രമായ സ്ഫോടന ശബ്ദവും ഇപ്പോഴും കാതുകളിൽ മുഴങ്ങുന്ന പോലെ. വിശപ്പും ദാഹവും മരവിച്ച ആ രാപ്പകലുകളിൽ ഒരു പട്ടാള ഡോക്ടർക്ക് വേണ്ട കർമ്മവീര്യവും കരളുറപ്പും കൈവിട്ടു പോകരുതെന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സിൽ. സാരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങുമായിരുന്ന നാല്പത്തി ആറോളം സൈനികരെ ജീവിതത്തിലേക്ക് തിരിച്ചു നടത്താനായ, ആ തണുത്തുറച്ച രാപ്പകലുളെക്കുറിച്ച് ഓർത്ത് അഭിമാനിക്കുകയാണ് ക്യാപ്റ്റൻ ഗോപിനാഥ് എന്ന പട്ടാളക്കാരൻ. ഇപ്പോഴും അഭിമാനത്തോടെ അതൊക്കെ ഓർത്തു വെക്കുകയും സുഹൃത്തുക്കളോട് വിശദീകരിക്കുകയും ചെയ്യുന്നു അദ്ദേഹം.

ആധുനിക ചികിത്സ ഇത്രയേറെ പുരോഗമിച്ച ഇന്ന് ഓർത്തു നോക്കുമ്പോൾ ഭയം തോന്നും. ഡിസ്പോസിബിൾ സിറിഞ്ച് പോലും പരിചിതമല്ലാത്ത കാലം. കുതിരപ്പുറത്തായിരുന്നു മെഡിക്കൽ സാമഗ്രികളും മരുന്നുകളും എത്തിച്ചിരുന്നത്. മരണവുമായി മല്ലിടുന്ന ജവാന്മാരെ ആംബുലൻസിൽ ശ്രീനഗറിലെ ആശുപത്രിയിലേക്കാണ് അയക്കുക. യുദ്ധത്തിൽ മരിച്ച സൈനികരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പതിവുണ്ടായിരുന്നില്ല. പൈൻ മരത്തിന്റെ ചില്ലകൾ കൊണ്ട് ചിതയൊരുക്കി ദഹിപ്പിക്കുകയയാരുന്നു പതിവ്. പ്രായം എഴുപത്തിയെട്ട് പിന്നിടുമ്പോഴും സൈനിക ജീവിതത്തിലെ ഓർമ്മകൾ ഒരുപാടുണ്ട് ഡോക്ടർക്ക് പങ്ക് വെക്കാൻ. 1967 മുതൽ 73 വരെയുള്ള കാലത്താണ് ഗോപിനാഥ് ഇന്ത്യൻ ആർമിയിൽ മെഡിക്കൽ ഓഫീസറായി, ക്യാപ്റ്റൻ റാങ്കിൽ ജോലി ചെയ്തത്. ലക്നൗവിലെ കമാന്റ് ആശുപത്രി, ഹൈദരബാദിലെ സൈനിക ആശുപത്രി എന്നിവിടങ്ങളിലായിരുന്നു ആദ്യകാല സേവനം. ഇന്ത്യാ-പാക് യുദ്ധത്തിൽ വെസ്റ്റേൺ സെക്ടറിലെ മുൻനിര സേവനവും അർപ്പണബോധവും പരിഗണിച്ച് സൻഗ്രാം മെഡലിനും പിന്നീട് വെസ്റ്റേൺ സ്റ്റാറിനും അർഹനായി.

കോഴിക്കോട് മെഡിക്കൽ കോളജിലെ എം ബി ബി എസ് പഠനശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് ഡി സി എച്ചിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ പീഡിയാട്രിക്സിൽ എം ഡി യായി. സൈനിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം നാല് പതിറ്റാണ്ടിലേറെയായി കൊയിലാണ്ടിയിലെ ആതുരസേവന രംഗത്ത് ശിശുരോഗ വിദഗ്ദനായി ക്യാപ്റ്റൻ ഗോപിനാഥ് സേവനം തുടരുകയാണ്. കാശ്മീർ സന്ദർശനത്തിനിടെ ഗുൽമാർഗിലെ പ്രസിദ്ധമായ മഹാറാണി ക്ഷേത്ര ദർശനം കഴിഞ്ഞ് കൊയിലാണ്ടിയിലെ വസതിയിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ ഗോപിനാഥ് സ്വന്തം ജീവിതം പറയുമ്പോൾ ആ കണ്ണുകളിലെ അഭിമാനത്തിളക്കം ഒന്ന് കാണ്ടേണ്ടതു തന്നെ. മനുഷ്യരുള്ളിടമൊന്നും മാനവികമായതൊന്നും തനിക്കന്യമല്ലന്ന പ്രഖ്യാപനമാണാ ജീവിതം. സ്വപ്ന ഗോപിനാഥും, ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻ വിമൽ ഗോപിനാഥും കമൽ ഗോപിനാഥുമാണ് മക്കൾ.

Comments
error: Content is protected !!