മണ്ണിനും മനുഷ്യനും ദാഹജലവുമായി കുറ്റാടി ജലസേചന പദ്ധതി തുറന്നു
പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ മണ്ണിനും മനുഷ്യനും ദാഹനീരുമായി കുറ്റ്യാടി ജലസേചനപദ്ധതി കനാൽ തുറന്നു. ജില്ലയിലെ മൂന്നു താലൂക്കുകളിലും ഇനി വെള്ളം ഒഴുകിയെത്തും. പെരുവണ്ണാമൂഴി ഡാമിൽനിന്നും വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് ഇടതുകര പ്രധാന കനാലിലേക്ക് വെള്ളം തുറന്നത്. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലേക്ക് വെള്ളമെത്തിക്കുന്ന കനാലാണിത്. ഏതാനും ദിവസങ്ങൾക്കകം വടകര താലൂക്കിലേക്ക് വെള്ളമെത്തിക്കുന്ന വലതുകര കനാലിലേക്കും വെള്ളമൊഴുകിത്തുടങ്ങും. ഡാമിൽ നിന്നും മൂന്നു കിലോമീറ്റർ പിന്നിട്ട് പട്ടാണിപ്പാറയിൽ നിന്നാണ് ഇടതുകര, വലതുകര പ്രധാന കനാലുകൾ വേർപിരിയുന്നത്. ജില്ലയിലെ 44 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും കോഴിക്കോട് കോർപ്പറേഷനിലും ഈ കനാൽ ജലം ഒഴുകിയെത്തും. പ്രധാന കനാലും ബ്രാഞ്ച് കനാലുകളും ഫീൽഡ് ബോത്തികളുമെല്ലാമടക്കം 603 കിലോമീറ്റർ നീളത്തിൽ രക്തധമനികൾ പോലെ കുറ്റ്യാടി പദ്ധതിയുടെ കനാൽശൃംഖല വ്യാപിച്ചു കിടക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി നടത്താനുള്ള തടസ്സം കാരണം കനാലിലെ കാടുവെട്ടലും മണ്ണ് മാറ്റലും എല്ലായിടത്തും നടന്നിട്ടില്ല. അതുകൊണ്ട് മുൻവർഷങ്ങളെപ്പോലെ വെള്ളമൊഴുക്ക് സുഗമമാകാനിടയില്ല. കനാൽ ശൃംഖലയിലാകെ വെള്ളം ഒഴുകിയെത്തുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾ നേരാംവണ്ണം നടക്കാത്തതു കാരണം കനാൽ തകർന്നുള്ള അപകട സാദ്ധ്യതകളും തള്ളിക്കളയാനാവില്ല. കുറ്റ്യാടി ജലസേചനപദ്ധതി എക്സിക്യുട്ടീവ് എൻജിനിയർ കെ. ജയരാജ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സി.എച്ച്. ഹബി, അസിസ്റ്റന്റ് എൻജിനിയർമാരായ കെ. ഫൈസൽ, കെ.പി. പ്രവിത, വി.കെ. അശ്വതി, പി. മുഹമ്മദ് ഷിബിൽ, കെ.പി. അശ്വിൽദാസ്, കെ.ടി. അർജുൻ, സൂപ്രണ്ട് കെ.പി. നജീബ് എന്നിവർ കനാൽ തുറക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 28-ന് തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വേനൽ കനത്തു തുടങ്ങിയതോടെ കനാൽ തുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതു കൂടി പരിഗണിച്ച് പെട്ടെന്ന് തന്നെ വെള്ളം തുറന്നുവിടാൻ തീരുമാനിക്കുകയായിരുന്നു. കാർഷിക ആവശ്യങ്ങളേക്കാളുപരി കുടിവെള്ള സ്രോതസ്സുകൾ വറ്റിവരളാതെ സംരക്ഷിക്കുന്നത് ഈ കനാൽ ജലമാണ്.