AGRICULTURE

മധുരം മിതം, പച്ചക്കറി പച്ചയായ്: ആര്‍ദ്രം ജനകീയ കാമ്പയിന്‍ സംഘടിപ്പിച്ചു

ആരോഗ്യപൂര്‍ണമായ ജീവിതത്തിന് എന്തൊക്കെ കഴിക്കാം… എത്ര അളവില്‍ കഴിക്കാം എന്ന ബോധവത്കരണവുമായി സിവില്‍ സ്റ്റേഷനില്‍ ഭക്ഷ്യമേള. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ‘മധുരം മിതം, പച്ചക്കറി പച്ചയായ്’ എന്ന മുദ്രാവാക്യവുമായാണ് ആര്‍ദ്രം ജനകീയ കാമ്പയിന്‍ സംഘടിപ്പിച്ചത്.
ജില്ലാ കലക്ടര്‍ സാംബശിവറാവു കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ജീവിതശൈലി രോഗങ്ങള്‍. ഭരണനിര്‍വ്വഹണത്തിനായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരോഗ്യമുള്ളവരായിരുന്നാല്‍ മാത്രമേ സമൂഹത്തിന് കൃത്യമായി സേവനം ചെയ്യാന്‍ സാധിക്കൂ എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.ഒരു ദിവസമോ ആഴ്ചയോ നീണ്ടുനില്‍ക്കുന്നതായി ഇത്തരം പരിപാടികള്‍ ചുരുങ്ങിപ്പോവരുത്. കൃത്യമായ വ്യായാമവും ആരോഗ്യ പരിശോധനയും നടത്തണം. സിവില്‍സ്റ്റേഷനില്‍ ആരംഭിക്കാന്‍ പോകുന്ന ഓപ്പണ്‍ ജിം സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ പുതിയമാറ്റങ്ങള്‍ വരുത്തി ആഹാരരീതി ക്രമീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്.
പരിപാടിയുടെ ഭാഗമായി ഭക്ഷണ ക്രമീകരണത്തെ കുറിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശനം, ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് അവബോധത്തിനായി എക്സിബിഷന്‍, നല്ല ആരോഗ്യത്തിനായി ആരോഗ്യതളിക, പച്ചക്കറി, പഴങ്ങള്‍, നാര് വര്‍ഗ്ഗങ്ങള്‍ അടങ്ങിയ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ പ്രാധാന്യം വിവരിച്ചുകൊണ്ടുളള ഭക്ഷ്യ പ്രദര്‍ശനം, ആഹാരത്തില്‍ പഞ്ചസാര, ശര്‍ക്കര, ഉപ്പ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുളള ചാര്‍ട്ടുകള്‍ എന്നിവയും ഒരുക്കിയിരുന്നു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും ബിഎംഐ പരിശോധിക്കാനും മേളയില്‍ സൗകര്യമുണ്ടായിരുന്നു.
പച്ചക്കറി പച്ചയായി കഴിക്കുന്നതുകൊണ്ടുളള പോഷണഗുണങ്ങള്‍, ഭക്ഷണത്തില്‍ പച്ചക്കറിയുടെയും പഴവര്‍ഗ്ഗങ്ങളുടെയും പ്രാധാന്യവും ഭക്ഷ്യമേളയും എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാമ്പയിന്റെ ഭാഗമായി ജനുവരി ആദ്യവാരം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും വാര്‍ഡ്തലങ്ങളില്‍  തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കും.
എഡിഎം റോഷ്നി നാരായണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ, എ.ഡിഎംഒ ഡോ. ആര്‍ രാജേന്ദ്രന്‍, ആരോഗ്യ കേരളം  ഡി.പി.എം ഡോ.എ നവീന്‍, ആര്‍ സി എച്ച് ഓഫീസര്‍ ടി മോഹന്‍ദാസ്, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ സുരേഷ്‌കുമാര്‍ സി.കെ, കെ.ടി മോഹനന്‍, ഡയറ്റിഷ്യന്‍ അഷിമ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ മണി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button