മധ്യപ്രദേശിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും
മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഉച്ചയോടെ എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.
ജബൽപൂരിലുള്ള ഭാര്യ ഗോപി ചന്ദ്രയും മാതാപിതാക്കൾക്കൊപ്പം ഇന്നെത്തും. ഇന്നലെ ഉച്ചയോടെയാണ് ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം യമുന നദിയുടെ തീരപ്രദേശമായ പട്‌നയിൽ കണ്ടെത്തിയത്. പ്രളയമുന്നറിയിപ്പ് അറിയാതെ നിർമൽ കാറിൽ യാത്ര ചെയ്തതാണ് അപകടത്തിന് കാരണമായത്.
ജപൽപൂരിൽ നിന്ന് മൂന്ന് മണിക്കാണ് നിർമൽ യാത്ര തിരിച്ചതെന്നും 8.30ന് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നുവെന്നും നിർമ്മൽ ശിവരാജന്റെ അമ്മ വ്യക്തമാക്കിയിരുന്നു. 6.57ന് മകനെ വിളിച്ചപ്പോൾ 85 കിലോമീറ്ററുകൾ കൂടിയേ ഉള്ളൂ എന്നാണ് പറഞ്ഞത്.
സംസാരിച്ചുകൊണ്ടിരിക്കവേ മുമ്പിൽ ഒരു ബ്ലോക്ക് കാണുന്നുണ്ടെന്നും അത് നോക്കിയിട്ട് തിരിച്ചുവിളിക്കാമെന്നും പറഞ്ഞ് നിർമൽ ഫോൺ കട്ട് ചെയ്തു. 9 മണിക്ക് വിളിച്ചപ്പോൾ നിർമലിന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ജീവൻ എന്ന സുഹൃത്തിനെ ഫോൺ വിളിച്ചപ്പോൾ നിർമൽ എത്തിയിട്ടില്ലെന്ന് പറഞ്ഞു. പിന്നീട് വിവരമൊന്നും ഇല്ലാതിരുന്നതിനെ തുടർന്നാണ് നിർമലിന് അപകടം സംഭവിച്ചതായി കുടുംബം സംശയിക്കുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നിർമലിന്റെ മൃതദേഹം കണ്ടെത്തിയത്.