മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങളില്‍ എല്‍ ഇ ഡി വിളക്കുകള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ
മന്ത്രിമാരുടേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങളില്‍ എല്‍ ഇ ഡി വിളക്കുകള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം. നിര്‍മാണവേളയിലുള്ളതിനേക്കാൾ കൂടുതല്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. നിയോണ്‍ നാടകള്‍, ഫ്‌ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍ ഇ ഡി എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചു.
മന്ത്രിവാഹനങ്ങള്‍ക്കുമുകളില്‍ ബീക്കണ്‍ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ബമ്പര്‍ ഗ്രില്ലില്‍ എല്‍ ഇ ഡി. ഫ്‌ളാഷുകള്‍ ഉപയോഗിച്ചുതുടങ്ങിയത്. മഞ്ഞുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആര്‍ ടി ഒ മാരില്‍നിന്ന് പ്രത്യേക അനുമതി ലഭിക്കും. എതിരേവരുന്ന വാഹനങ്ങളിലേക്ക് വെളിച്ചം വീഴാത്ത വിധത്തില്‍ താഴ്ത്തിയാണ് ഇവ ഘടിപ്പിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ രജിസ്ട്രേഷന്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കും.
സംസ്ഥാന പോലീസ് മേധാവിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നത്. എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കണം. വാഹനങ്ങളുടെ ഉടമ എന്ന നിലയില്‍ സര്‍ക്കാരാവും പിഴത്തുക നല്‍കേണ്ടിവരിക. മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ എല്‍ഇഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാല്‍ അവയ്ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.