ഇനിയും പട്ടയം കിട്ടാതെ ഇടുക്കി പട്ടയക്കുടിയിലെ 17 കുടുംബങ്ങള്‍

പൈനാവ്: മൂന്ന് പതിറ്റാണ്ട് മുമ്പ് അപേക്ഷ നല്‍കിയിട്ടും വണ്ണപ്പുറം പട്ടയക്കുടിയിലെ 17 കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയമായില്ല. കാലങ്ങള്‍ക്ക് മുമ്പ് തന്നെ റവന്യൂ – വനം വകുപ്പുകളുടെ സംയുക്ത പരിശോധനാ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഈ കുടുംബങ്ങള്‍.
സര്‍വേയും സ്‌കെച്ചും അടക്കം എല്ലാ രേഖകളും കരിമണ്ണൂര്‍ എല്‍.എ ഓഫീസില്‍ ഉണ്ടായിട്ടും തങ്ങളുടെ പട്ടയം ഇനിയും സ്വപ്നമായി തുടരുകയാണെന്ന് ഇവര്‍ പറയുന്നു. 1977-ന് മുമ്പുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് 1993-ല്‍ കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി ഇവര്‍ അപേക്ഷ നല്‍കുന്നത്.
ഇതിനെ തുടര്‍ന്ന് വനം – റവന്യൂ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി തയാറാക്കിയ പട്ടികയില്‍ ഈ 17 കുടുംബങ്ങളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അപേക്ഷ നല്‍കി 29 വര്‍ഷത്തിന് ശേഷവും പട്ടയം എന്നത് പതിനേഴു കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടില്ല.

ആവശ്യമായ രേഖകള്‍ സമയത്ത് നല്‍കാന്‍ കഴിയാത്തതിനാലാണ് ഇവര്‍ക്ക് പട്ടയം നല്‍കാത്തതെന്നാണ് ഭൂപതിവ് ഓഫീസ് അധികൃതര്‍ പറയുന്നത്. രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷര്‍ക്ക് കത്ത് നല്‍കിയിരുന്നെന്നും യഥാസമയം രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ഇവരുടെ അപേക്ഷകളില്‍ തീരുമാനം എടുക്കുന്നതിനുള്ള നടപടികള്‍ അവസാനിപ്പിച്ചുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങള്‍ക്ക് യഥാസമയം അറിയിപ്പ് കിട്ടിയിരുന്നില്ലെന്നും തങ്ങളുടെ അയല്‍വാസികള്‍ക്ക് പട്ടയം കിട്ടിയതറിഞ്ഞ് കരിമണ്ണൂര്‍ എല്‍.എ ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ പേരില്‍ തങ്ങളുടെ അപേക്ഷയിന്‍മേലുള്ള നടപടികള്‍ അവസാനിപ്പിച്ചതായി അറിയുന്നതെന്നും ഇവര്‍ പറഞ്ഞു.

പട്ടയം കിട്ടണമെങ്കില്‍ ഫയല്‍ വീണ്ടും തുറന്ന്, നിരസിച്ച അപേക്ഷയില്‍ തുടര്‍നടപടികളെടുക്കാന്‍ ജില്ലാ കലക്ടറുടെ ഓഫീസില്‍ നിന്നും ഉത്തരവ് കിട്ടണം. ഇതിനുള്ള അനുമതി ആവശ്യപ്പെട്ട് കത്ത് കലക്ടറുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
അനുമതി കിട്ടിയാല്‍ പട്ടയ നടപടികള്‍ പുനരാരംഭിക്കുമെന്നും കരിമണ്ണൂര്‍ ഭൂപതിവ് ഓഫീസ് അധികൃതര്‍ പറഞ്ഞു. ജില്ലാ കലക്ടറേറ്റില്‍ കിട്ടിയ കത്തിന്‍മേല്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കരിമണ്ണൂര്‍ ഭൂപതിവ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ഫയല്‍ കൈമാറിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടര്‍ കെ.പി. ദീപ അറിയിച്ചു.

Comments
error: Content is protected !!