മന്ത്രിസഭാ പുന:സംഘടന നവംബറില്‍; എഎന്‍ ഷംസീറിന് പകരം വീണാ ജോര്‍ജ്ജ് സ്പീക്കറായേക്കും
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറില്‍. ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാവും. സിപിഐഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യതയുണ്ട്. എഎന്‍ ഷംസീറിന് പകരം വീണാ ജോര്‍ജ്ജ് സ്പീക്കറായേക്കും. ഷംസീറിനെ മാറ്റുന്ന വിഷയത്തിൽ നിയമസഭാ സമ്മേളനത്തിനിടയിൽ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്.
ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികളുടെ നിലവിലെ മന്ത്രിമാര്‍ ഒഴിവാകും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. സോളാര്‍ വിവാദത്തിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതിലാണ് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളത്.
ഏക എംഎല്‍എ മാത്രമുള്ള എല്‍ജെഡിയും ഇടതുമുന്നണിയില്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും. മുന്നണി യോഗത്തില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് എല്‍ജെഡി നേതൃയോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ ഇടതുമുന്നണി യോഗത്തില്‍ എല്‍ജെഡിയുടെ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കും.