എൽ.ഐ.സി ഓഹരികളും വില്പനയ്ക്ക് എത്തുന്നു

പൊതുമേഖലാ ഇൻഷുറൻസ്‌ കമ്പനിയായ ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷന്റെ  പ്രാഥമിക ഓഹരി വിൽപ്പനയ്‌ക്ക്‌ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി. ഓഹരികൾ അടുത്തവർഷം മാർച്ചോടെ വിപണിയിൽ ലിസ്റ്റ്‌ ചെയ്യാനാണ്‌ സർക്കാർ പദ്ധതിയെന്ന്‌ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. വിൽപ്പനയ്‌ക്ക്‌ വക്കേണ്ട ഓഹരികളുടെ എണ്ണവും വിലയും മന്ത്രിതല സമിതി തീരുമാനിക്കും.

എൽഐസി ഓഹരികൾ നടപ്പ്‌ സാമ്പത്തികവർഷം പ്രാഥമിക വിൽപ്പനയ്‌ക്ക്‌ വയ്‌ക്കുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞിരുന്നു. എൽഐസിയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമാണ്‌ ഐപിഒ നീക്കമെന്ന്‌ ട്രേഡ്‌ യൂണിയനുകൾ ആരോപിക്കുന്നതിനിടിയിലാണ് തീരുമാനം. നാല്‌ ജനറൽ ഇൻഷുറൻസ്‌ കമ്പനിയിൽ ഒന്ന്‌ സ്വകാര്യവൽക്കരിക്കുമെന്ന്‌ കേന്ദ്രം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

എൽഐസി ഓഹരി വിൽപ്പനയ്‌ക്ക്‌ കേന്ദ്ര സർക്കാർ നേരത്തേ പ്രവർത്തനം  ആരംഭിച്ചിരുന്നു. കോർപറേഷന്റെ മൂല്യം കണക്കാക്കാൻ വാഷിങ്ടൺ ആസ്ഥാനമായ മില്ലിമാൻ അഡ്വൈസേഴ്‌സ് എന്ന കൺസൾട്ടിങ് സ്ഥാപനത്തെ ചുമതലപ്പെടുത്തി.  ചെയർമാൻ  തസ്തിക എടുത്തുകളയുകയും ചെയ്തിരുന്നു. പകരം സിഇഒ, എംഡി തസ്തിക കൊണ്ടുവന്നു.

കമ്പനി അം​ഗീകൃത മൂലധനം 25,000 കോടി രൂപയാക്കി ഉയർത്താൻ അനുമതി നൽകി. സാമ്പത്തിക കാര്യ കാബിനറ്റ് സമിതി സെക്യൂരിറ്റീസ് കോൺട്രാക്ട്‌സ് (നിയന്ത്രണ) ചട്ടങ്ങളിൽ ഭേദ​ഗതി വരുത്തി. 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയാണ് രാജ്യത്തെ ഇൻഷുറൻസ് വിപണിയുടെ 70 ശതമാനത്തിലധികം കൈയാളുന്നത്. നടപ്പ് സാമ്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 1.75 ലക്ഷം കോടി രൂപ നേടാനാണ് കേന്ദ്രസർക്കാർ ലക്ഷ്യം.

 

Comments

COMMENTS

error: Content is protected !!