മമ്മൂട്ടിയുടെ അഭിനയ ജീവിതം 50 വർഷം പിന്നിടുന്നു.

50 വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ് ആറാം തിയ്യതിയാണ് മമ്മൂട്ടി എന്ന നടൻ ആദ്യമായി മുഖം കാട്ടിയ ചലച്ചിത്രം പ്രേക്ഷക ലോകത്തിന് മുന്നിലെത്തിയത്. തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം. സത്യനും പ്രേം നസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ആ ചിത്രത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

1971 ആഗസ്റ്റ് ആറിനാണ് ‘അനുഭവങ്ങൾ പാളിച്ചകൾ’ റിലീസ് ചെയ്തത്.
ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂറിൻ്റെ പുറകിൽ നിന്ന പൊടിമീശക്കാരനായി സെക്കൻഡുകൾ മാത്രമുള്ള അഭിനയത്തിലൂടെയായിരുന്നു ഈ തുടക്കം.

രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരനായി വേഷമിട്ടു. അതിൽ കടത്തുകാരനോട് നസീർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
“എനിക്ക് പകരം വന്ന ആളാണ് അല്ലേ? “

അതെ, ആ ചോദ്യം മമ്മൂട്ടിയുടെ അഭനയ ജീവിതത്തിലും അൽഭുതം സൃഷ്ടിച്ചു. നസീർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂട്ടിയാണ്. ഷോട്ടിന്റെ ഇടവേളയിൽ മയങ്ങുന്ന സത്യൻ മാസ്റ്ററുടെ കാൽ തൊട്ട് വണങ്ങിയാണ് മമ്മൂട്ടി എന്ന നടൻ സിനിമയുടെ വിസ്മയലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്.

പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകൾ. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങൾ.

മമ്മൂട്ടിയെന്ന നടന്റെ ഏറ്റവും വലിയ കരുത്ത് എന്നു പറയാവുന്ന​ ഒന്ന് അദ്ദേഹത്തിന്റെ സൗണ്ട് മോഡുലേഷൻ തന്നെയാണ്. ഓരോ സന്ദർഭങ്ങളിലും ആവശ്യമായ ഇമോഷൻസ് നൂറുശതമാനം കൊടുക്കുന്നതിലും അതിന് അനുസരിച്ച് ശബ്ദത്തിൽ മാറ്റം കൊണ്ടുവരാനും മമ്മൂട്ടിയോളം പോന്ന പ്രതിഭകൾ കുറവാണ്. തീപ്പൊരി സംഭാഷണങ്ങൾ മുതൽ അതിദയനീയമായ മനുഷ്യാവസ്ഥകളെ വരെ മമ്മൂട്ടി സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ അത് പെർഫെക്റ്റായിരിക്കും.

തൃശൂർക്കാരൻ പ്രാഞ്ചിയേട്ടൻ, കോട്ടയത്തുകാരൻ കുഞ്ഞച്ചൻ, വടക്കൻ വീരഗാഥയിലെ ചന്തു, ‘തിരോന്തരം’ മലയാളം പറയുന്ന രാജമാണിക്യം, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരൻ ഫിലിപ്പോസ്, ചട്ടമ്പിനാടിലെ പാതി മലയാളിയും പാതി കന്നടക്കാരനുമായ മല്ലയ്യ, പാലേരിമാണിക്യത്തിലെ മുരിക്കൻകുന്നത്ത് അഹമ്മദ് ഹാജി, വിധേയനിലെ ഭാസ്കരപട്ടേലർ, അമരത്തിലെ അച്ചൂട്ടി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പുത്തൻ പണത്തിലെ നിത്യാനന്ദ ഷേണായി എന്നിങ്ങനെ കേരളത്തിലെ ഭാഷാഭേദങ്ങൾ എല്ലാം മമ്മൂട്ടി എന്ന നടനിൽ ഭദ്രമായിരുന്നു.

മലയാളത്തിൽ ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ മറ്റൊരു സൂപ്പർസ്റ്റാർ ഉണ്ടാവില്ല. ലാല്‍ജോസും അമല്‍ നീരദും ആഷിക് അബുവും അന്‍വര്‍ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്. സിനിമയുടെ വലിയ കോട്ടവാതിലുകള്‍ക്കപ്പുറത്ത് പകച്ച് നിന്നിരുന്ന ഈ നവാഗതര്‍ക്കൊക്കെ മമ്മൂട്ടിയെന്ന നടൻ നൽകിയ ആത്മവിശ്വാസം ചെറുതല്ല.

‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍‌ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്.

ശാരീരിക അവശതകളും പ്രയാത്തിൻ്റെ വെല്ലുവിളികളും ഈ നടനെ തളർത്തിയിട്ടില്ല. “ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാൽ ചെറുതാകും. പിന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്. കോഴിക്കോട് ഒരു ചടങ്ങിനെത്തിയ മമ്മൂട്ടി പറഞ്ഞു.

1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്‍റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ്‌ കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്‍റ് ആല്‍ബര്‍ട്ട് സ്കൂള്‍‌, ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.

ഒരു ബുക്ക് ഷെൽഫിനടുത്ത് നിൽക്കുന്ന പടമാണ് മമ്മൂട്ടി പുതിയതായി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. വശത്തേക്ക് ചരിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ജനലിലൂടെ വെയിലേൽക്കുന്നതായി കാണാം. താടി നീണ്ട് കണ്ണട ധരിച്ച് നീല ഷേട്ടും ജീൻസും ധരിച്ചുകൊണ്ടുള്ള ഗെറ്റപ്പിലാണ് താരത്തെ കാണാനാവുന്നത്.

അറിവിന്റെ സമുദ്രത്തിലെ കുറച്ച് തുള്ളികളെങ്കിലും വായിച്ച് തീർക്കാം എന്ന കാപ്ഷനും അദ്ദേഹം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നു. വായനയുടെ ലോകത്താണ് മമ്മൂട്ടി ഇപ്പോൾ.

Comments

COMMENTS

error: Content is protected !!