Uncategorized

മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമായി

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെ ഇന്ന് തുടക്കമായി. ജനുവരി 26 വരെ നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എക്‌സൈസ് വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും വിമുക്തി മിഷനുമായി ചേര്‍ന്ന് അഞ്ചു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ ‘തെളിവാനം വരയ്ക്കുന്നവര്‍’ എന്ന ബോധവത്കരണ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മലയാളത്തില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ ഇംഗ്ലീഷ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷാ പതിപ്പുകളും പുറത്തിറക്കും. വിവിധ ആദിവാസി ഭാഷകളിലും പുസ്തകം തയ്യാറാക്കും. പുസ്തക വിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാളെ സംസ്ഥാനത്തെ എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ക്ലാസ് സഭകളും ചേരും. ഇതിനായി ഒരു പിരിയഡ് ഉപയോഗിക്കും. ആദ്യഘട്ട ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കിയ കാര്യങ്ങള്‍, രണ്ടാം ഘട്ട ക്യാമ്പയിന്റെ വിവരങ്ങള്‍, വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ പാര്‍ലമന്റുകളും കോളജ് യൂണിയനുകളും ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. സ്‌കൂള്‍, കോളജ് തലത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ലഹരി മുക്ത ക്യാമ്പസിനായുള്ള മാസ്റ്റര്‍ പ്ലാനിന്റെ തുടക്കമായി ഈ പരിപാടി മാറും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button