മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും വാങ്ങുന്നതിനുമായി വാഹനമോഷണവും ക്ഷേത്ര കവർച്ചയും പതിവാക്കിയ വിദ്യാർത്ഥികൾ ഉൾപ്പെട്ട അഞ്ചംഗ സംഘം പിടിയിൽ
മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും വാങ്ങുന്നതിനുമായി വാഹനമോഷണവും ക്ഷേത്ര കവർച്ചയും പതിവാക്കിയ വിദ്യാർത്ഥികൾ ഉൾപ്പെട്ട അഞ്ചംഗ സംഘം കോഴിക്കോട് പിടിയിൽ. സംഘത്തിൽ ഒരാളൊഴികെ നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്. നാലുകുടിപ്പറമ്പ് ഷാഹിദ് അഫ്രീദിയാണ് (18) സംഘത്തിലെ പ്രായപൂർത്തിയായ ആൾ. മറ്റ് നാല് പേരും വിദ്യാർത്ഥികളാണ്. ഇവർ ഒട്ടേറെ മേഷണക്കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷാഹിദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റി.
പ്രായപൂർത്തിയാകാത്ത കുട്ടികളെ അച്ഛനമ്മമാരെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയതിന് ശേഷം വിട്ടയച്ചു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങുകയാണ് ഇവരുടെ പതിവ്. കൂടുതൽ പണം കിട്ടിയാൽ അത് ഉപയോഗിച്ച് ഗോവയ്‌ക്ക് പോകും. നടക്കാവ് സ്റ്റേഷൻ പരിധിയിൽ ഇരുചക്രവാഹനമോഷണം പതിവായപ്പോഴാണ് പോലീസ് അന്വേഷണത്തിന് ഇറങ്ങിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികൾ കുട്ടികളാണെന്ന് മനസിലായത്. പിടിയിലായവരെല്ലാം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ്. വിവിധ സ്‌കൂളുകളിൽ നിന്നുള്ള പന്ത്രണ്ടോളം വിദ്യാർത്ഥികൾ കൂടി ഇവരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. സ്‌കൂൾ വിട്ടാൽ പാർക്കിലും ബീച്ചിലുമായി കറങ്ങി നടക്കും. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വീട്ടിൽ പോകും. രാത്രി വീട്ടുകാർ ഉറങ്ങി കഴിയുമ്പോൾ രാത്രി ഒരു മണിയോടെ ആരുമറിയാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങും.
മോഷണത്തിന് ഇറങ്ങുന്നതിന് മുൻപായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് പതിവാണ്. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവയാണ് ഇവർ ഉപയോഗിക്കുന്നത്. സ്‌കൂട്ടറുകളാണ് കൂടുതലായും മോഷ്ടിക്കുന്നത്. മോഷ്ടിച്ച സ്‌കൂട്ടറുകൾ 5000 മുതൽ 10,000 വരെ രൂപയ്‌ക്ക് വിൽക്കും. നിർത്തിയിട്ട വണ്ടികളിൽ നിന്ന് പെട്രോളും മോഷ്ടിക്കുന്ന പതിവ് ഇവർക്കുണ്ട്.
കൊയിലാണ്ടിയിൽ തിരുവങ്ങൂരിലെ ക്ഷേത്രപാലൻ കോട്ട അമ്പലത്തിൽമോഷണം നടത്തിയത് തങ്ങളാണെന്നും ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അമ്പലങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന പിച്ചള, ഓട് തുടങ്ങിയ സാധനങ്ങൾ ആക്രിക്കടകളിൽ വിറ്റും പണം വാങ്ങും. കിട്ടുന്ന പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് പറയുന്നു.